ADVERTISEMENT

ആലപ്പുഴ∙ മത്സരിച്ചു തോറ്റാൽ പോട്ടെന്നു വയ്ക്കാം. എന്നാൽ ഗ്രൗണ്ടിന്റെ പരിമിതി കാരണം മത്സരിക്കാൻ അവസരം പോലും കിട്ടാതെ വന്നാലോ? ജില്ലയിലെ സ്ഥിതി അങ്ങനെയാണ്. ട്രാക്ക് ഇനങ്ങളായ 100, 200, 400 മീറ്റർ മത്സരങ്ങളിൽ ഹീറ്റ്സിൽ മികച്ച പ്രകടനം നേടിയ 8 പേരാണു ഫൈനലിലെത്തുക. എന്നാൽ ജില്ലയിലെ ട്രാക്കുകൾക്ക് ആവശ്യത്തിനു വീതിയില്ലാത്തതിനാൽ അത്‌ലറ്റിക്സ് വിഭാഗങ്ങളിൽ 8 ട്രാക്ക് വേണ്ടിടത്ത് 6 ട്രാക്കുകളിലാണ് ഏതാനും വർഷങ്ങളായി മത്സരം നടത്തുന്നത്. ഓരോ ഇനത്തിലും മികച്ച പ്രകടനം നടത്തിയ 2 പേർ വീതം ഫൈനൽ യോഗ്യത നേടാതെ മടങ്ങി.

അടുത്ത വർഷമെങ്കിലും പൂർത്തിയാ‌കുമോ, ഇഎംഎസ് സ്റ്റേഡിയം
ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമ്പോൾ ജനിച്ച കുട്ടി ഇന്ന് എട്ടാം ക്ലാസിൽ പഠിക്കുകയാകും. പക്ഷേ ആ കുട്ടിക്ക് പരിശീലിക്കാനോ മത്സരിക്കാനോ ഇഎംഎസ് സ്റ്റേഡിയത്തിലെ ട്രാക്ക് ഇതുവരെ ഉപകരിച്ചിട്ടില്ല. 2010ലാണ് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഒന്നോ രണ്ടോ തവണ സ്കൂൾ കായികമേളയിലെ ത്രോ ഇനങ്ങൾ നടന്നത് ഒഴികെ മറ്റു മത്സരങ്ങൾ നടന്നിട്ടില്ലെന്നതാണു സത്യം. എന്നാൽ പാർട്ടി പരിപാടികൾ നടക്കുകയും ചെയ്തു. കളി കാണാൻ നിർമിച്ച ഗാലറിയിൽ മരങ്ങൾ വരെ വളർന്നു. സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞു 14 വർഷങ്ങൾക്കു ശേഷമാണ് അന്നത്തെ പ്രഖ്യാപനങ്ങളിലെ ഫുട്ബോൾ ടർഫും സിന്തറ്റിക് ട്രാക്കും പണിയുന്നത്. ആദ്യഘട്ടത്തിൽ 14,5 കോടി മുടക്കി നിർമിച്ച ഗാലറിയും കടമുറികളുമെല്ലാം അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു. സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനു കിഫ്ബിയിൽ നിന്ന് 10.92 കോടി രൂപയാണു ചെലവാക്കുന്നത്.  ഗ്രൗണ്ട് അശാസ്ത്രീയമാണെന്നും ട്രാക്കിന്റെ നീളം 368 മീറ്ററേ ഉണ്ടാകൂ എന്നും ഒരു വിഭാഗം കായിക അധ്യാപകർ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കായിക വകുപ്പാണു സ്റ്റേഡിയം നവീകരിക്കുന്നത്. കിറ്റ്കോ നിർമാണച്ചുമതല നിർവഹിക്കുന്നു. ഗ്രൗണ്ടിലെ ടർഫിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഈ ടർഫിന്റെ നിർമാണം കഴിഞ്ഞ ശേഷമാകും സിന്തറ്റിക് ട്രാക്കിന്റെ പണികൾ തുടങ്ങുക. അടുത്ത വർഷം സ്കൂൾ കായികമേളയ്ക്കു മുൻപെങ്കിലും ഈ ട്രാക്ക് മത്സര സജ്ജമാക്കാൻ ആകുമെന്നാണു പ്രതീക്ഷ.

പ്രീതികുളങ്ങര സ്റ്റേഡിയത്തിലെ നാലുവരി മാത്രമുള്ള സിന്തറ്റിക്ക് ട്രാക്ക്. ചിത്രം: മനോരമ
പ്രീതികുളങ്ങര സ്റ്റേഡിയത്തിലെ നാലുവരി മാത്രമുള്ള സിന്തറ്റിക്ക് ട്രാക്ക്. ചിത്രം: മനോരമ

പ്രഖ്യാപനങ്ങൾ 
ഫിഫ സ്റ്റാൻഡേഡ് ഫുട്ബോൾ ടർഫ്, എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം, 13,000 പേർക്ക് ഇരിക്കാവുന്ന ഗാലറി, 124 കടമുറികൾ. ശുചിമുറി സംവിധാനം. ലോങ് ജംപ്, ത്രോ മത്സരങ്ങൾക്കായുള്ള പിറ്റ്, പാർക്കിങ് സൗകര്യം തുടങ്ങിയവ.

പ്രീതികുളങ്ങര മിനി സ്റ്റേഡിയം അൽപം ആശ്വാസം
ജില്ലയിൽ നിലവിൽ സിന്തറ്റിക് ട്രാക്ക് ഉള്ള ഏക ഗ്രൗണ്ടാണിത്. അടുത്തിടെ അത്‌ലറ്റിക്സിൽ സംസ്ഥാനതല മെഡൽ നേടിയ ആലപ്പുഴക്കാരിൽ ഭൂരിഭാഗവും ഈ ഗ്രൗണ്ടിലാണു പരിശീലിക്കുന്നത്. 200 മീറ്റർ നീളമുണ്ടെങ്കിലും നാലു ട്രാക്കുകൾ മാത്രമേ ഉള്ളൂ. ഗ്രൗണ്ടിന് ഓവൽ ആകൃതിയാണ്. പോരാത്തതിനു ജംപ് ഇനങ്ങൾ നടത്താനുള്ള സ്ഥല സൗകര്യവുമില്ല. ഇതെല്ലാം കാരണം ഈ ഗ്രൗണ്ടിൽ ജില്ലാതല മത്സരങ്ങൾ പോലും നടക്കാറില്ല. പലപ്പോഴും ഗ്രൗണ്ട് പൂട്ടിയിട്ടിരിക്കുകയാണെന്നു പരാതിയുണ്ട്.

English Summary:

Inadequate track facilities in Alappuzha are hindering athletes' progress by limiting the number of participants in final races. The lack of sufficient track width forces organizers to conduct events with fewer tracks, depriving deserving athletes of opportunities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com