തെങ്ങുകളിൽ വെള്ളീച്ച രോഗം ആശങ്കയിൽ കർഷകർ
Mail This Article
എടത്വ∙ തെങ്ങുകളിൽ വെള്ളീച്ച രോഗം കുട്ടനാട്ടിൽ വ്യാപകമാകുന്നു. തലവടി എടത്വ, കണ്ടങ്കരി പ്രദേശങ്ങളിലാണ് രോഗം വ്യാപകം. ചമ്പക്കുളം പഞ്ചായത്ത് കണ്ടങ്കരി പ്രദേശത്ത് ഒട്ടേറെ തെങ്ങുകളിൽ രോഗം വ്യാപകമായി കാണുന്നുണ്ട്. ഇതു കൂടാതെ തെങ്ങുകളിൽ മഞ്ഞളിപ്പും ഉണ്ട്. ചെറിയ തൈകളിൽ പോലും രോഗം വ്യാപിച്ചിട്ടുണ്ട്. ഓലയിൽ ഉടനീളം വെള്ളി നിറത്തിലും ചാരം പൊതിഞ്ഞ നിലയിലുമാണ്. തെങ്ങോലകളിൽ മടലിനു ചേർന്ന ഭാഗത്താണു കാണപ്പെടുന്നത്. ക്രമേണ ഓല പഴുത്ത് ഉണങ്ങുകയാണ് ചെയ്യുന്നത്. വെള്ളീച്ച രോഗം വ്യാപകമായതോടെ ഉൽപാദനം കുറയുമോ എന്ന ആശങ്കയിലാണു നാളികേര കർഷകർ. സ്വതവേ കുട്ടനാട്ടിൽ ചെല്ലി ആക്രമണവും മഞ്ഞളിപ്പു രോഗവും കൂടുതലാണു അതിനിടയിലാണു വെള്ളീച്ച രോഗം.
തെങ്ങുകളെ ബാധിക്കുന്ന പുതിയതരം വെള്ളീച്ചകളെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. വെള്ളീച്ചയ്ക്ക് എതിരായി രാസ കീട നാശിനികൾ പ്രയോഗിക്കരുതെന്നും ആവശ്യമെങ്കിൽ കറുത്ത നിറത്തിലുള്ള പാട നീക്കം ചെയ്യാൻ ഒരു ശതമാനം വീര്യത്തിൽ സ്റ്റാർച്ച് തളിക്കുകയോ, ആവണക്കെണ്ണ, ഗ്രീസ് എന്നിവ മഞ്ഞ നിറത്തിലുള്ള കട്ടിക്കടലാസിൽ പുരട്ടി തെങ്ങിൻ മുകളിൽ കെട്ടിവയ്ക്കുകയോ ചെയ്താൽ ഇവയുടെ വ്യാപനം ഒരുപരിധിവരെ തടയാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.