തേവരുകടവ് ഭാഗത്തേക്കുള്ള റോഡ് കാടുകയറി; വിഷപ്പാമ്പ് ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ
Mail This Article
ചെന്നിത്തല∙ പഞ്ചായത്ത് 16–ാം വാർഡിലെ തേവരുകടവ് ഭാഗത്തേക്കുള്ള റോഡു കാടുകയറി, തെരുവുവിളക്കുകൾ കത്താത്ത ഇവിടെ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമായതാണു നാട്ടുകാർക്കു പരാതി. ചെന്നിത്തല തേവർകടവ് ജംക്‌ഷൻ മുതൽ പടിഞ്ഞാറു ഭാഗത്തെ ആറ്റുമാലി, പുത്തനാറു വരെയുള്ള പാതയുടെ ഇരുവശവും പാടശേഖരവും വെള്ളക്കെട്ടും നിറഞ്ഞ പ്രദേശമാണ്. ചെന്നിത്തല തൃപ്പെരുന്തുറ തേവരുകടവിൽ നിന്നും പടിഞ്ഞാറോട്ടു വീതി കുറഞ്ഞ ഗതാഗതയോഗ്യമായ പാതയുണ്ട്. ഈ പാതയുടെ ഇരുവശത്തും ചെടികൾ വളർന്നു നിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി.
ഇവിടം പാമ്പിന്റെയും എലികളുടെയും ആവാസകേന്ദ്രമാണ്. പകൽ പോലും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ നാട്ടുകാർ ഒട്ടേറെ തവണ കണ്ടിട്ടുണ്ട്.റോഡിലേക്കു വളർന്നു പന്തലിച്ചു കിടക്കുന്ന പാഴ്ച്ചെടികൾ കാരണം വിഷപാമ്പുകൾ ഒളിച്ചിരുന്നാൽ പോലും അറിയില്ല.രണ്ടു മാസമായി ഇവിടുത്തെ ഒരു തെരുവുവിളക്കു ഒന്നു പോലും കത്തുന്നില്ല. പഞ്ചായത്ത്, കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമില്ല. പാത ശുചീകരിച്ചു തെരുവു വിളക്കുകൾ പ്രകാശിപ്പിച്ചു തരണമെന്നാണ് കുടുംബശ്രീ, പ്രദേശിവാസികളുടെയും ആവശ്യം.