ആലപ്പുഴ ജില്ലയിൽ രണ്ടു വിദ്യാർഥികൾക്ക് വെസ്റ്റ് നൈൽ ലക്ഷണങ്ങൾ
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ 2 വിദ്യാർഥികൾക്ക് വെസ്റ്റ് നൈൽ പനിക്കു സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 7, 9 വയസ്സുള്ള രണ്ടു പേരുടെയും രക്തപരിശോധനയിൽ വെസ്റ്റ് നൈൽ പോസിറ്റീവ് ആയെങ്കിലും നട്ടെല്ലിനുള്ളിലെ സ്രവം (സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്–സിഎസ്എഫ്) ഉപയോഗിച്ചുള്ള പരിശോധനാഫലം നെഗറ്റീവാണ്.
രണ്ടു പരിശോധനാഫലങ്ങളും പോസിറ്റീവ് ആയാലാണു വെസ്റ്റ് നൈൽ സ്ഥിരീകരിക്കുക. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 2 വിദ്യാർഥികൾക്കും പനി മൂർച്ഛിച്ചു മസ്തിഷ്കജ്വരം പിടിപെട്ടതോടെയാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്. പല്ലന സ്വദേശിയായ സ്ത്രീക്ക് 3 മാസം മുൻപ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരുന്നു.
പരത്തുന്നതു ക്യൂലക്സ് കൊതുകുകൾ
ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തിനു സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിൽ ജപ്പാൻ ജ്വരം പോലെ ഗുരുതരമാകാറില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിട നശീകരണവും പ്രധാനമാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണു രോഗലക്ഷണങ്ങൾ ഒരു ശതമാനം ആളുകളിൽ പനി തലച്ചോറിനെ ബാധിക്കും. കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുകയാണു ഏറ്റവും നല്ല പ്രതിരോധ മാർഗം.