10 വർഷം: എക്സൈസ് നടത്തിയത് 544 കോടിയുടെ ലഹരിവേട്ട
Mail This Article
ആലപ്പുഴ∙ 10 വർഷത്തിനിടെ സംസ്ഥാനത്തു നിന്ന് എക്സൈസ് പിടിച്ചെടുത്തത് 544 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കൾ. 2014 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ കാലയളവിൽ 53,787 കേസുകൾ റജിസ്റ്റർ ചെയ്തു. 52,897 പേർ അറസ്റ്റിലുമായി. ഇതിൽ ഭൂരിഭാഗം പേരും 18–40 പ്രായക്കാരാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെട്ട 154 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൗമാരക്കാരിൽ ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി വരുന്നതായാണു മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ കെ.ശാന്തകുമാരി എംഎൽഎക്കു നൽകിയ മറുപടിയിൽ പറയുന്നത്. കഞ്ചാവ്, സിന്തറ്റിക് ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, മെത്താംഫെറ്റമിൻ, നൈട്രസെപാം തുടങ്ങിയവയുടെ ഉപയോഗമാണു വലിയ തോതിൽ കൂടിയത്.
അതേസമയം മദ്യ ഉപയോഗം കുറയുകയാണ്. 2022–23 വർഷത്തെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 2023–24 വർഷത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യം ഉപയോഗത്തിൽ 3.14 ലക്ഷം കെയ്സിന്റെ കുറവുണ്ടായി. ബീയർ ഉപയോഗത്തിൽ 7.82 ലക്ഷം കെയ്സിന്റെ കുറവും. അനധികൃത മദ്യ വ്യാപാരവുമായി ബന്ധപ്പെട്ടു 10 വർഷത്തിനിടെ സംസ്ഥാനത്താകെ 1,15,436 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബോധവൽക്കരണം: വിമുക്തി ചെലവഴിച്ചത് 66 കോടി രൂപ
ലഹരി വിമുക്തി ബോധവൽക്കരണത്തിനായി 2016ൽ രൂപീകരിച്ച വിമുക്തി പ്രവർത്തനത്തിനായി ഇതുവരെ ചെലവാക്കിയത് 66.74 കോടി രൂപ. വൻതുക ചെലവാക്കി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും സംസ്ഥാനത്തു ലഹരി ഉപയോഗം കൂടുകയാണ്. ഇതു വിമുക്തി പ്രവർത്തനങ്ങളുടെ പോരായ്മയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഉദ്യോഗസ്ഥർ ക്ലാസ് എടുക്കാൻ പോകുമ്പോൾ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് ആളില്ലാത്ത സ്ഥിതിയുമുണ്ട്. വകുപ്പിൽ ക്ലറിക്കൽ ജീവനക്കാരില്ലാത്തതിനാൽ ആ ജോലികൾക്കും എൻഫോഴ്സ്മെന്റ് ജീവനക്കാരെയാണു നിയോഗിക്കുന്നത്. ഇതും എക്സൈസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ കണക്ക്
കഞ്ചാവ് - 23,743.466 കിലോഗ്രാം
കഞ്ചാവ് ചെടി -19,903 എണ്ണം
ഹഷീഷ്- 72.176 കിലോഗ്രാം
ഹഷീഷ് ഓയിൽ- 130.79 കിലോഗ്രാം
ലഹരി ഗുളികകൾ- 70,099 എണ്ണം
ആംപ്യൂൾ -386 എണ്ണം
മെത്താംഫെറ്റമിൻ -29.12 കിലോഗ്രാം
എംഡിഎംഎ -19.499 കിലോഗ്രാം
ബ്രൗൺ ഷുഗർ -1.882 കിലോഗ്രാം
ഓപ്പിയം - 5.79 കിലോഗ്രാം
ചരസ് - 3.112 കിലോഗ്രാം
ഹെറോയിൻ- 7.395 കിലോഗ്രാം