ADVERTISEMENT

കുട്ടനാട് ∙ വിവിധ പ്രദേശങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നതു വീണ്ടും സജീവമായതോടെ നാട്ടുകാർ ദുരിതത്തിൽ. ഒരു മാസത്തിനിടെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ ഒട്ടനവധി തവണയാണു ശുചിമുറി മാലിന്യം തള്ളിയത്. ഏറ്റവും ഒടുവിൽ കൈനകരി കൃഷിഭവൻ പരിധിയിലെ ഇടപ്പള്ളി സോമാതുരം പാടശേഖരത്തിലേക്കാണു ശുചിമുറി മാലിന്യം തള്ളിയത്. രണ്ടാം കൃഷി നടക്കുന്ന പാടശേഖരത്തിലേക്കു ശുചിമുറി മാലിന്യം തള്ളിയതു നാട്ടുകാർക്കൊപ്പം കർഷകരെയും ദുരിതത്തിലാക്കി. എസി റോഡിൽ നിന്ന് 200 മീറ്റർ മാറി കൈനകരി പഞ്ചായത്തിലേക്കുള്ള റോഡിന്റെ വശത്താണു മാലിന്യം തള്ളിയത്.

മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനു സമീപത്ത് അടക്കം അടുത്തയിടെ ശുചിമുറി മാലിന്യം തള്ളിയിരുന്നു. മുൻപു പണ്ടാരക്കളം മുതൽ പള്ളാത്തുരുത്തി വരെയുള്ള ഭാഗത്ത് എസി കനാലിൽ അടക്കം ശുചിമുറി മാലിന്യം തള്ളുന്നതു പതിവായിരുന്നു. ഇതിനെതിരെ നാട്ടുകാർ രംഗത്ത് എത്തുകയും പ്രദേശത്തു നാട്ടുകാരുടെ നേതൃത്വത്തിൽ നിരീക്ഷണം വ്യാപിപ്പിക്കുകയും ചെയ്തതോടെ ശുചിമുറി മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടിയിരുന്നു. വെള്ളപ്പൊക്ക സമയത്തു മങ്കൊമ്പ് പാർട്ടി ഓഫിസ് ജംക്‌ഷനു സമീപം ശുചിമുറി മാലിന്യവുമായി എത്തിയ ലോറി നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.

എസി റോഡിന്റെ നവീകരണത്തോടനുബന്ധിച്ചു രാവും പകലും റോഡിൽ ജോലിക്കാർ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ കുറച്ചു നാളുകളായി ശുചിമുറി മാലിന്യം തള്ളുന്ന സംഘത്തിന്റെ ശല്യം പ്രദേശത്ത് ഇല്ലായിരുന്നു. നിർമാണം ഏകദേശം പൂർത്തിയാക്കി രാത്രികാല നിർമാണം ഏറെക്കുറെ നിർത്തിയതോടെ ശുചിമുറി മാലിന്യം തള്ളുന്ന സംഘം വീണ്ടും സജീവമായിരിക്കുകയാണ്. ഹൈവേ പൊലീസിന്റെ സേവനം എസി റോഡിൽ ഇല്ലാത്തത് ഇത്തരം സംഘങ്ങളുടെ വ്യാപനം കൂടാൻ കാരണമായിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു രാത്രി പൊലീസിന്റെ നിരീക്ഷണം ശക്തമാക്കുന്നതിനും ഒപ്പം ഹൈവേ പൊലീസിന്റെ സേവനം എസി റോഡിൽ പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.

English Summary:

The idyllic backwaters of Kuttanad are facing a serious environmental threat as illegal sewage dumping resumes, impacting residents and farmers. Despite previous efforts to curb the activity, recent incidents highlight the urgent need for intervention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com