സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സമ്മേളന വിലക്ക്
Mail This Article
കായംകുളം∙ പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് സിപിഎം ജില്ലാകമ്മിറ്റി അംഗം എൻ. ശിവദാസനെ ഏരിയ കമ്മിറ്റിയുടെ പരിധിയിലെ ശേഷിക്കുന്ന ലോക്കൽ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് പാർട്ടി സംസ്ഥാന നേതൃത്വം വിലക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും ജില്ലാ നേതാക്കളും പങ്കെടുത്ത കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു നിർദേശം. ശിവദാസനെതിരെ 7 പരാതികൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ലഭിച്ചിരുന്നു.
ഇതു പരിശോധിച്ച ശേഷമാണ് ലോക്കൽ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്. അടുത്ത ജില്ലാകമ്മിറ്റി പരാതി പരിഗണിക്കും. ശിവദാസൻ നൽകുന്ന വിശദീകരണം കൂടി കേട്ട ശേഷമാകും വിലക്കിൽ അന്തിമ തീരുമാനമെടുക്കുക. കായംകുളം ഏരിയ കമ്മിറ്റി പരിധിയിലെ 14 ലോക്കൽ കമ്മിറ്റികളിൽ ഏഴെണ്ണത്തിൽ സമ്മേളനം പൂർത്തിയായി. നേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി സിപിഎം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തിയെന്നാണ് ശിവദാസനെതിരെ ഒരു വിഭാഗം ആരോപിക്കുന്നത്.
കായംകുളം ഏരിയ സെക്രട്ടറി സ്ഥാനം പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നേരത്തെ ചർച്ചചെയ്തു പരിഹരിച്ച പരാതികൾ വീണ്ടും ഉയർത്തിയതെന്നാണ് ഒരു വിഭാഗം പറയുന്നത്. സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് ശിവദാസൻ പ്രതിനിധികളെ കൂട്ടുന്നതിന് ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. ഇതേ ലക്ഷ്യത്തോടെ അഞ്ചോളം പേർ സജീവമായി രംഗത്തുണ്ടെന്നും പ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എതിർ വിഭാഗവും ആരോപിക്കുന്നു.
ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർട്ടി ഇടപെട്ട് ഒരു മാസത്തിനുള്ളിൽ പരിഹരിക്കണമെന്നും സംസ്ഥാന നേതൃത്വം ഏരിയ കമ്മിറ്റിയോട് നിർദേശിച്ചു. ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിപിനെ സിപിഎം ഏരിയ നേതൃത്വത്തിൽ സജീവമാക്കാൻ ഗൗരവമായ ചർച്ചകൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
മുതിർന്ന നേതാക്കൾ വിട്ടുനിന്നു
ആലപ്പുഴ∙ സിപിഎം നേതൃത്വത്തോടു വിയോജിച്ചു പാർട്ടി വിടാൻ കത്തു നൽകിയ മുതിർന്ന നേതാക്കൾ കുമാരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിലും പങ്കെടുത്തില്ല. മൂന്നു ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയാണു ബഹിഷ്കരിച്ചത്. പാർട്ടി വിട്ടവർ ചർച്ചയ്ക്കു തയാറാണെന്നു കാണിച്ച് നേരത്തെ ഏരിയ കമ്മിറ്റിക്കു കത്തു നൽകിയിരുന്നു. ഇവരുമായി ചർച്ച നടത്തണമെന്നു ജില്ലാ നേതൃത്വം നിർദേശിച്ചു. എന്നാൽ, ചില നേതാക്കൾ ചർച്ച ഒഴിവാക്കി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്നു പരാതിയുണ്ട്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ ഉൾപ്പെടെ പുതിയ കമ്മിറ്റിയിലും ഏരിയ സമ്മേളന പ്രതിനിധി പട്ടികയിലും ഉൾപ്പെടുത്തിയില്ല.
നേതൃത്വം നിർദേശിച്ചയാൾക്ക് വോട്ടു കുറഞ്ഞു; എടത്വ സൗത്തിൽ സെക്രട്ടറിയില്ല
എടത്വ∙ വിഭാഗീയതയെ തുടർന്ന് സി.പി.എം എടത്വ സൗത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാതെ പിരിഞ്ഞു. 13 അംഗ ലോക്കൽ കമ്മിറ്റിയിൽ നിലവിലുള്ള സെക്രട്ടറി യു. ബിബിനെ വീണ്ടും സെക്രട്ടറിയാക്കാൻ ആയിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ബിബിനെ 5 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ജിനു മണക്കളത്തിനെ 8 അംഗങ്ങൾ അനുകൂലിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ജില്ല കമ്മിറ്റി നിർദേശിച്ചു. കെ.കെ. ഷൈജു ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.