കനത്ത മഴയിൽ നെൽച്ചെടികൾ വീണു; ആശങ്കയിൽ കർഷകർ
Mail This Article
കുട്ടനാട് ∙ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ ശക്തമായ മഴ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിലെ കർഷകരെ ആശങ്കയിലാക്കി. മഴയിൽ വിളവെടുക്കാൻ പാകമായ നെൽച്ചെടികൾ വീണതാണു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ പാടശേഖരങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതു വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപുണ്ടായ മഴയിലും കാറ്റിലും വീണ നെൽച്ചെടികൾ പക്ഷികളുടെ ആക്രമണത്തിൽ നിന്നും മറ്റും സംരക്ഷിച്ച കർഷകർക്ക് ഇപ്പോഴത്തെ മഴ ഇരുട്ടടിയായിരിക്കുകയാണ്.
ചമ്പക്കുളം, നെടുമുടി, കൈനകരി, എടത്വ, തകഴി കൃഷിഭവൻ പരിധിയിലാണു കൂടുതലായും രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. ഇതിൽ പല പാടശേഖരങ്ങളിലും വിളവെടുപ്പു പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ചമ്പക്കുളത്തു മാത്രം ഇത്തവണ 797.8 ഹെക്ടർ സ്ഥലത്താണു രണ്ടാംകൃഷി ഇറക്കിയത്. ഇതിൽ ഉന്തൻവേലി പാടശേഖരത്തിലെ വിളവെടുപ്പു മാത്രമാണു പൂർത്തിയായത്. അഞ്ഞൂറ്റിൻപാഠം, വളയം എന്നീ പാടശേഖരങ്ങളിൽ നിലവിൽ വിളവെടുപ്പു നടന്നു കൊണ്ടിരിക്കുകയാണ്. പാട്ടത്തിൽ വരമ്പിനകം, മുന്നൂറ്റുംപാടം എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ വിളവെടുപ്പ് ആരംഭിക്കും. ഈ പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസത്തെ മഴ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്.
മഴ പെയ്യുമ്പോൾ വൈദ്യുതി മുടക്കവും പതിവായതോടെ പ്രതിസന്ധി ഇരട്ടി ആക്കിയിരിക്കുകയാണ്. പെയ്തിറങ്ങിയ മഴവെള്ള യഥാസമയം പമ്പിങ് നടത്താൻ സാധിക്കാത്തതിനാൽ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവും ചില സ്ഥലങ്ങളിലുണ്ട്. വെള്ളം കെട്ടിനിന്ന് മണ്ണിന് അയവ് ഉണ്ടായാൽ വിളവെടുക്കാൻ എത്തിക്കുന്ന കൊയ്ത്ത് യന്ത്രങ്ങൾ കൃഷിയിടങ്ങളിൽ താഴാനുള്ള സാധ്യത കൂടുതലാണ്. ഇതു മൂലം വിളവെടുക്കാൻ കൂടുതൽ സമയം ആവശ്യമായിവരുന്നതിനാൽ അധിക സാമ്പത്തികവും കർഷകർ കണ്ടെത്തണം. കൂടാതെ വീണുകിടക്കുന്ന നെൽച്ചെടികൾ വിളവെടുക്കാൻ ബുദ്ധിമുട്ട് ഏറും. വീണുകിടക്കുന്ന നെൽച്ചെടികൾ കൊയ്തെടുക്കാൻ സാധിക്കാതെ വന്നാൽ വലിയ സാമ്പത്തിക നഷ്ടം കർഷകർക്ക് ഉണ്ടാകും.