മാലിന്യം കുഴിച്ചു മൂടുന്നത് ചന്തയ്ക്കു നടുവിൽ
Mail This Article
തഴക്കര ∙ മാങ്കാംകുഴി ജംക്‌ഷനു സമീപമുള്ള പഞ്ചായത്തു മാർക്കറ്റിനെ പഴയ പ്രതാപത്തിലേക്കു എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. ചന്ത കേന്ദ്രമാക്കി വ്യാപാരം ചെയ്തിരുന്നവരുടെ വരുമാനം ഇല്ലാതാക്കുന്ന പ്രവർത്തനമാണു നടക്കുന്നതെന്നാണു കോൺഗ്രസിന്റെ ആരോപണം. ചന്തയ്ക്കുള്ളിൽ വലിയ കുഴിയെടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിടുന്ന രീതി മൂലം കച്ചവടക്കാർ മാർക്കറ്റിൽ പ്രവേശിക്കാറില്ല. പഞ്ചായത്തുതല വിപണി പോലും വാടകയ്ക്കാണു പ്രവർത്തിക്കുന്നത്. മാങ്കാംകുഴിയിലെ ചന്ത നവീകരിച്ചു പഞ്ചായത്തിന്റെ വിപണി എങ്കിലും വാടകക്കെട്ടിടത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ പഞ്ചായത്ത് മറ്റു സ്ഥലങ്ങൾ കണ്ടെത്തണം. പഴയ പ്രതാപത്തിലേക്കു ചന്തയെ തിരിച്ചെത്തിക്കാൻ കർമപദ്ധതി ആവിഷ്കരിക്കണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു. ചന്ത പുനരുദ്ധരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെപിസിസി നിർവാഹക സമിതിയംഗം കോശി എം.കോശി, കോൺഗ്രസ് വെട്ടിയാർ മണ്ഡലം പ്രസിഡന്റ് വൈ.രമേശ് എന്നിവർ അറിയിച്ചു.