വീടുകളിൽ അതിക്രമിച്ചു കയറി പീഡനശ്രമം: യുവാവ് അറസ്റ്റിൽ
Mail This Article
ആലപ്പുഴ ∙ പട്ടാപ്പകൽ വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസുകളിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര സജീവ് ഭവനത്തിൽ സജീവ് (36) അറസ്റ്റിൽ. മോഷണവും സ്ത്രീകൾക്കുനേരെ അതിക്രമവും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ മുൻപ് ‘കാപ്പ’ ചുമത്തി നാടുകടത്തിയിരുന്നതാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ 24 ന് രാവിലെ പാലമേൽ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. 2014 മുതൽ പതിനഞ്ചിലേറെ കേസുകളിൽ പ്രതിയായ ഇയാളെ 2018ലും 2023 നവംബറിലും കാപ്പ നിയമ പ്രകാരം 6 മാസത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞു. 2016 ൽ നൂറനാട്ടെ 3 മോഷണക്കേസുകളിലും 2019 ൽ കായംകുളം മാർക്കറ്റിൽ നിന്നു മത്സ്യം മോഷ്ടിച്ച കേസിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
കാപ്പ വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ വീട്ടിലെത്തിയ ഇയാൾ സമീപവാസികളായ സ്ത്രീകളെ സ്ഥിരമായി ഭയപ്പെടുത്തി ശല്യം ചെയ്തിരുന്നതായും ഇതിനിടെയാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നൂറനാട് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐമാരായ കെ.ബാബുക്കുട്ടൻ, ബി.രാജേന്ദ്രൻ, സിപിഒമാരായ എ.ശരത്ത്, പി.അനി, കെ.ഷിബു, പി.മനു കുമാർ എന്നിവർ ചേർന്ന് ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.