സിപിഎം ജില്ലാ സമ്മേളനം ജനുവരി 10 മുതൽ; ഏരിയ സമ്മേളനങ്ങൾ നവംബർ 2ന് തുടങ്ങി ഡിസംബർ 6 വരെ
Mail This Article
ഹരിപ്പാട് ∙ സിപിഎം ജില്ലാ സമ്മേളനം ജനുവരി 10,11,12 തീയതികളിൽ ഹരിപ്പാട്ട് നടക്കും. 12ന് ഉച്ചവരെ ശബരി കൺവൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം. 12ന് ഉച്ചകഴിഞ്ഞു റാലിയും റെഡ് വൊളന്റിയർ പരേഡും നടക്കും. തുടർന്നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന വേദി തീരുമാനിച്ചിട്ടില്ല. ലോക്കൽ സമ്മേളനങ്ങൾ 90% പൂർത്തിയായെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ഏതാനും സമ്മേളനങ്ങൾ മാറ്റിവച്ചിട്ടുണ്ട്. 15 ഏരിയ സമ്മേളനങ്ങൾ നവംബർ 2നു തുടങ്ങി ഡിസംബർ 6നു പൂർത്തിയാകും. ആദ്യം ഹരിപ്പാട് ഏരിയ സമ്മേളനമാണു നടക്കുക.
ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.രാഘവൻ, കെ.എച്ച്.ബാബുജാൻ, ജി.രാജമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സുരേന്ദ്രൻ, ടി.കെ.ദേവകുമാർ, സി.ശ്രീകുമാർ ഉണ്ണിത്താൻ, പി.ഗാനകുമാർ, ലീല അഭിലാഷ്, ഷെയ്ഖ് പി.ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികൾ: ടി.കെ.ദേവകുമാർ (പ്രസി), എം.സത്യപാലൻ (ജന സെക്ര), സി.ശ്രീകുമാർ ഉണ്ണിത്താൻ ( ട്രഷ).
സമ്മേളനം ‘പ്രശ്നബാധിത’ മേഖലയിൽ
ആലപ്പുഴ ∙ ഇത്തവണ സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന ഹരിപ്പാട് കഴിഞ്ഞ സമ്മേളന കാലത്ത് പാർട്ടിയിൽ വിഭാഗീയത ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ്. ഏരിയ സമ്മേളനങ്ങളിൽ ആദ്യത്തേതും ഹരിപ്പാട്ടാണ് - നവംബർ രണ്ടിനും മൂന്നിനും. ജില്ലാ സമ്മേളനത്തിന്റെ ആതിഥേയർക്ക് ഒരുക്കങ്ങൾക്കു കൂടുതൽ സമയം നൽകാനാണ് ഹരിപ്പാട് ഏരിയ സമ്മേളനം ആദ്യം നടത്തുന്നത്. ഒരുകാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഹരിപ്പാട്. സമവാക്യങ്ങൾ മാറിയപ്പോൾ വിഎസ് പക്ഷം ക്ഷയിച്ചെങ്കിലും ഹരിപ്പാട്ടെ പാർട്ടി സംസ്ഥാന
നേതൃത്വത്തോട് അടുക്കാതെ നിന്നു. കഴിഞ്ഞ സമ്മേളനത്തിൽ സജി ചെറിയാൻ പക്ഷത്തെ വെട്ടിനിരത്തി അവർ ഏരിയ കമ്മിറ്റി പിടിച്ചെടുത്തു. എന്നാൽ, സമ്മേളനത്തിൽ വിഭാഗീയത ശക്തമായിരുന്നു എന്ന പരാതികൾ സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയതോടെ കമ്മിറ്റി പിരിച്ചുവിട്ടു. ഇത്തവണ തങ്ങൾ ശക്തരാണെന്ന ആത്മവിശ്വാസത്തിലാണ് സജി ചെറിയാൻ അനുകൂലികൾ. കുമാരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിനു മുൻപുണ്ടായ പ്രശ്നങ്ങൾ തലവേദനയായി ഇപ്പോഴും തുടരുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, സിഐടിയു ഭാരവാഹി എന്നിവർ ഉൾപ്പെടെ ലോക്കൽ സമ്മേളനത്തിൽ നിന്നു വിട്ടുനിന്നതു ജില്ലാ നേതൃത്വത്തിനു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ലോക്കൽ കമ്മിറ്റിയിൽ 3 സ്ഥാനങ്ങൾ ഒഴിച്ചിട്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല.