തുറവൂർ മഹാക്ഷേത്രം: ദർശന പുണ്യമായി ദീപാവലി വലിയവിളക്ക് ഉത്സവം
Mail This Article
തുറവൂർ∙മഹാക്ഷേത്രത്തിൽ ദീപാവലി വലിയവിളക്ക് ഉത്സവം ദർശന പുണ്യമായി. ഇന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്നലെ അഭൂതപൂർവമായ തിരക്കായിരുന്നു. ക്ഷേത്രാങ്കണം പുഷ്പാലങ്കാരങ്ങളാൽ നിറഞ്ഞു. രാത്രി നടന്ന വിളക്കിനെഴുന്നള്ളത്തിൽ ദീപക്കാഴ്ച അത്യാകർഷകമായി. പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ ഭക്തരെ നിയന്ത്രിക്കാൻ കുത്തിയതോട്, അരൂർ, പൂച്ചാക്കൽ, പട്ടണക്കാട്,ചേർത്തല എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ്‌സന്നാഹത്തെ വിന്യസിച്ചിരുന്നു.
എന്നാൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. ഇന്നലെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നൂറിലധികം കലാകാരൻമാർ അണിനിരന്ന മേജർ പഞ്ചാരിമേളം നടന്നു. മേളം ആസ്വദിക്കാൻ പതിനായിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയത്. കേരളത്തിലെ പേരുകേട്ട ഗജവീരൻമാരാണു ഇന്നലെ വലിയവിളക്ക് ദിവസം തിടമ്പേറ്റിയത്.
പുലർച്ചെ , തുറവൂർ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ പട്ടത്താളിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പുരന്ദരേശ്വരത്ത് മഹാദേവർ ക്ഷേത്രം, കൈനിക്കര ദേവീക്ഷേത്രം,തിരുവങ്കടപുരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഉപദേവൻമാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. രാമനാമ ജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൃസിംഹ മൂർത്തിയും മഹാസുദർശന മൂർത്തിയും ചേർന്ന് ഉപദേവൻമാരെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്ന അപൂർവ ചടങ്ങ് ദർശിക്കാൻ ഉറക്കമിളച്ച് ഭക്തർ കാത്തിരുന്നു.
കൂട്ടിയെഴുന്നള്ളത്തും നടന്നു. പുലർച്ചെയുള്ള യാത്രയയപ്പിന് ശേഷം ഉപദേവൻമാർ ഇരുമൂർത്തികളെയും വണങ്ങി ക്ഷേത്രങ്ങളിലേക്ക് മടങ്ങി. ഇന്നലെ രാവിലെ തുടങ്ങിയ അന്നദാനത്തിൽ മുപ്പതിനായിരത്തിലധികം പേരാണ് പങ്കുചേർന്നത്. അന്നദാനം വൈകിട്ട് നാലിനാണ് സമാപിച്ചത്.