സിബിഎൽ: സർക്കാരിനെ നയിച്ചത് നെഹ്റു ട്രോഫിയിലെ ജനപങ്കാളിത്തം
Mail This Article
ആലപ്പുഴ∙ പുന്നമടയിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിലെ ജനപങ്കാളിത്തമാണു ചാംപ്യൻസ് ബോട്ട് ലീഗ് എന്ന ആലോചനയിലേക്കു സർക്കാരിനെ നയിച്ചത്. വള്ളംകളിയിലെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നു ലക്ഷ്യമിട്ടാണു സിബിഎൽ ആവിഷ്കരിച്ചത്. ആദ്യ രണ്ടു സീസണുകളിൽ നെഹ്റു ട്രോഫി തന്നെ സിബിഎൽ ഉദ്ഘാടന മത്സരമായി. എന്നാൽ മൂന്നാം സീസണിൽ ആദ്യ മത്സരം നെഹ്റു ട്രോഫിയും ഉദ്ഘാടന മത്സരം മറൈൻഡ്രൈവുമായിരുന്നു.ആദ്യം സിബിഎൽ മത്സരക്രമം പ്രഖ്യാപിച്ചപ്പോൾ നെഹ്റു ട്രോഫിക്കു പകരം പുന്നമടയിൽ മറ്റൊരു വള്ളംകളി നടത്താനും ശ്രമമുണ്ടായി. എന്നാൽ ഈ വർഷം വള്ളങ്ങളുടെ യോഗ്യത നിശ്ചയിക്കാനുള്ള മത്സരമായി മാത്രമേ സിബിഎൽ സംഘാടകർ നെഹ്റു ട്രോഫിയെ കാണുന്നുള്ളൂ.സിബിഎലിൽ നിന്ന് ഒഴിവാക്കിയതോടെ നെഹ്റു ട്രോഫിക്കു സർക്കാരിൽ നിന്നു ലഭിക്കേണ്ട പണത്തിൽ അരക്കോടിയോളം രൂപയുടെ കുറവുണ്ടാകും. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങൾക്കായി സിബിഎലിൽ നിന്നു ബോണസ് നൽകില്ല. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5, 3, 2 ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കില്ല.
സിബിഎൽ തുക നൽകാത്തതിനാൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ഈ തുക നൽകേണ്ടി വരും.സിബിഎൽ 4 ലക്ഷം രൂപയാണു ബോണസ് നൽകുന്നതെങ്കിലും എൻടിബിആർ കണക്കനുസരിച്ചു ഫൈനലിലെത്തുന്ന ചുണ്ടൻവള്ളങ്ങൾക്ക് 6.60 ലക്ഷം രൂപ നൽകേണ്ടി വരും.ഇത്തരത്തിൽ സിബിഎൽ, നെഹ്റു ട്രോഫി ബോണസ് തമ്മിലുള്ള വ്യത്യാസം കാരണം 62 ലക്ഷം രൂപ എൻടിബിആർ സൊസൈറ്റി അധികമായി കണ്ടെത്തേണ്ടി വരും. സിബിഎൽ നടത്തുന്നില്ലെങ്കിൽ അരക്കോടി രൂപ അധികമായി നൽകി സഹായിക്കണമെന്ന് എൻടിബിആർ സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നെഹ്റു ട്രോഫിക്കു സർക്കാർ നൽകേണ്ട ഒരു കോടി രൂപ ഗ്രാന്റ് ഇതുവരെ നൽകാത്തതിനാൽ വള്ളങ്ങൾക്കുള്ള ബോണസ് വിതരണവും പൂർത്തിയായിട്ടില്ല. ഒരു കോടി ഗ്രാന്റിനൊപ്പം അധികമായി തുക അനുവദിച്ചേക്കുമെന്നാണു വിനോദ സഞ്ചാര വകുപ്പിൽ നിന്നു ലഭിക്കുന്ന സൂചന. നെഹ്റു ട്രോഫിയെ സിബിഎലിന്റെ ഭാഗമാക്കിയാൽ വിജയിയെച്ചൊല്ലിയുള്ള തർക്കം സിബിഎലിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയും സിബിഎൽ സംഘാടകർക്കുണ്ട്.
ഫണ്ടില്ല, സിബിഎലിൽ നിന്ന് 6 വള്ളംകളികൾ ഒഴിവാക്കി
ആദ്യം 6 വള്ളംകളികൾ മാത്രമായി സിബിഎൽ നടത്താൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും പ്രാദേശിക എതിർപ്പിന് ഇടയാക്കുമെന്നു കരുതി 12 വള്ളംകളികളും നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 6 വള്ളംകളികളിലേക്കു തന്നെ ഒതുക്കുകയായിരുന്നു.സിബിഎൽ നടത്തിപ്പിനായി 6 കോടി രൂപ മാത്രമാണു സർക്കാർ അനുവദിച്ചിട്ടുള്ളത്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു നിർദേശം. സിബിഎൽ ആദ്യ മൂന്നു സീസണുകളിൽ യഥാക്രമം 25, 15, 12 കോടി രൂപ വീതമാണു സർക്കാർ അനുവദിച്ചത്. എന്നാൽ ഈ വർഷം ബജറ്റിൽ 9.60 കോടി രൂപ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. മുൻ വർഷത്തെ കടബാധ്യത തീർത്ത ശേഷം 6 കോടിയോളം രൂപ മാത്രമാണു ബാക്കിയുള്ളത്.കഴിഞ്ഞ വർഷവും സിബിഎലിന്റെ ആദ്യ വിജ്ഞാപനം വന്നപ്പോൾ നെഹ്റു ട്രോഫി ഉൾപ്പെടുത്തിയിരുന്നില്ല. വള്ളംകളിപ്രേമികളിൽ നിന്നു പ്രതിഷേധം ഉയർന്നതോടെയാണു നെഹ്റു ട്രോഫി വള്ളംകളിയെ സിബിഎലിൽ ഉൾപ്പെടുത്തിയത്.
വള്ളംകളി, തീയതി
കോട്ടയം താഴത്തങ്ങാടി 16
ആലപ്പുഴ കൈനകരി 23
ചെങ്ങന്നൂർ പാണ്ടനാട് 30
ആലപ്പുഴ കരുവാറ്റ –ഡിസംബർ 7
കായംകുളം –ഡിസംബർ 14
കൊല്ലം പ്രസിഡന്റ്സ് – ഡിസംബർ 21