ADVERTISEMENT

ആലപ്പുഴ∙ ഹരിപ്പാട്ട് പാടവരമ്പത്ത് ജോലിക്കിടെയാണ്  കർഷകത്തൊഴിലാളി ഇന്നലെ മിന്നലേറ്റ് മരിച്ചത്. ശ്രദ്ധിച്ചില്ലെങ്കിൽ മിന്നൽ അപകടകാരിയാണ്. കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ മുൻകരുതലെടുക്കണം. മിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല. അതിനാൽ മുൻകരുതൽ ഒഴിവാക്കരുത്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റയാളിന് ഉടൻ വൈദ്യ സഹായം നൽകുക.

∙ മിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതു മിന്നലേൽക്കാൻ സാധ്യത കൂട്ടും. വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്തു കെട്ടരുത്.
∙ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിട്ട് അവയിൽ നിന്നു മാറി ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.

∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
∙ മിന്നലുള്ള സമയത്തു ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കാം.
∙ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനത്തിനകത്തു തന്നെ ഇരിക്കുക. വാഹനത്തിനകം സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിലെ യാത്ര ഒഴിവാക്കുക.
∙ മിന്നലുള്ള സമയത്തു കുളിക്കുന്നതും ടാപ്പിൽനിന്നു വെള്ളമെടുക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

∙ മിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിർത്തി ഉടൻ കരയിലെത്താൻ ശ്രമിക്കണം.
∙ അടുത്തുള്ള കെട്ടിടത്തിലേക്കു മാറാൻ സാധിക്കുന്നില്ലെങ്കിൽ പാദങ്ങൾ ചേർത്തുവച്ചു തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ചുരുണ്ടിരിക്കുക.


മിന്നലറിയാൻ ആപ്പ്
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാം. 

English Summary:

A recent tragedy in Alappuzha, Kerala highlights the critical need for lightning safety awareness. Learn how to identify risks, take precautions, and administer essential first aid to protect yourself and others during thunderstorms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com