ഇൻഷുറൻസ് പുതുക്കാൻ വയ്യ; ഒന്നരവർഷം പഴക്കമുള്ള വാഹനം ഉപേക്ഷിച്ചു !
Mail This Article
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസി മരുന്നുകളും അനുബന്ധ സാമഗ്രികളും എത്തിച്ചിരുന്ന വാഹനം ഇൻഷുറൻസ് പ്രീമിയം ഒടുക്കാതെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഇപ്പോൾ വാഹനത്തിന്റെ ബാറ്ററിയും പ്രവർത്തനരഹിതം. ഒന്നരവർഷം മാത്രം പഴക്കമുള്ള കെഎൽ 04 എടി 4673 കവചിത ഗുഡ്സ് ഓട്ടോയാണ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനോടു ചേർന്ന വാഹന പാർക്കിങ് ഏരിയയുടെ പിന്നിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത്. മഴയും വെയിലുമേറ്റ് തുരുമ്പെടുത്തു തുടങ്ങി.
2023 മാർച്ച് 3ന് സന്നദ്ധ സംഘടനയാണ് വാഹനം ആശുപത്രിക്ക് സംഭാവനയായി നൽകിയത്. വാഹനം കൈമാറുമ്പോൾ ഒരു വർഷത്തെ ഇൻഷുറൻസ് പ്രീമിയം അടച്ചിരുന്നു. 2024 മാർച്ചിൽ ഇതിന്റെ കാലാവധി അവസാനിച്ചതോടെ ഇൻഷുറൻസ് പുതുക്കാതെ വാഹനംതന്നെ ഉപേക്ഷിക്കുകയായിരുന്നു.
കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ വണ്ടാനത്തെ സംഭരണ ശാലയിൽ നിന്ന് ആശുപത്രി ഫാർമസിയിലേക്ക് മരുന്നു എത്തിക്കുന്നതും തുടർന്ന് ആശുപത്രിക്ക് കീഴിലെ വിവിധ ഹെൽത്ത് യൂണിറ്റിലേക്ക് മരുന്ന് എത്തിച്ചിരുന്നതും ഈ വാഹനത്തിലായിരുന്നു. സ്വന്തം വാഹനം ഉപേക്ഷിച്ച അധികൃതർ പകരം മറ്റൊരു വാഹനം വാടയ്ക്കെടുത്താണ് ഇപ്പോൾ മരുന്ന് എത്തിക്കുന്നത്.