നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു
Mail This Article
ചാരുംമൂട്∙ നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 11 പേർക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 59 പേർ നിരീക്ഷണത്തിലാണ്. തൊട്ടടുത്ത ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. നൂറനാട് പഞ്ചായത്തിലെ 2 വാർഡുകളിലാണു രോഗബാധ. മഞ്ഞപ്പിത്തബാധിതരായ വ്യക്തികളിൽ നിന്നാണു മറ്റുള്ളവർക്കു രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയ്ക്കു പുറത്തുനിന്നെത്തിയവരിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത് എന്നാണു വിവരം.
രോഗബാധിതരുമായി ആഹാരം പങ്കിടുന്നതിലൂടെയും രോഗബാധിതർ ഉപയോഗിക്കുന്ന ശുചിമുറി, ബക്കറ്റ്,മഗ്,ആഹാരം കഴിക്കുന്ന പാത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരും. രോഗബാധിതർ താമസിക്കുന്ന പ്രദേശങ്ങളിലെ പൊതുടാപ്പുകളിലെ വെളളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തി.
ചില കിണറുകളിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. ഇതു മഞ്ഞപ്പിത്തതിനു കാരണമാകില്ലെങ്കിലും ഉദരരോഗങ്ങൾക്കു കാരണമാകാം. പ്രദേശത്തെ ശുദ്ധജല പദ്ധതിയിലെ വെള്ളത്തിന്റെ ശുദ്ധീകരണ പ്രക്രിയ ശരിയായി നടക്കുന്നുണ്ട് എന്നുറപ്പാക്കാൻ ആരോഗ്യവകുപ്പ് പഞ്ചായത്തിനു നോട്ടിസ് നൽകി. പഞ്ചായത്തിന്റെ നിർദേശപ്രകാരം പാറ്റൂർ ശുദ്ധജല പദ്ധതിയിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി അയച്ചു.
ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്
ആലപ്പുഴ∙ ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കഴിഞ്ഞ മാസം ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ 16 വിദ്യാർഥികളിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞ ദിവസങ്ങളിൽ നൂറനാട് പഞ്ചായത്തിലും രോഗബാധയുണ്ടായത്.
സൂക്ഷിക്കാം, ഈ കാര്യങ്ങൾ
രോഗബാധിതരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരുമെന്നതിനാൽ രോഗബാധിതരും അവരുമായി സമ്പർക്കത്തിൽ വരുന്നവരും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കാം. രോഗബാധിതർ ആഹാരം പാചകം ചെയ്യുക, വിളമ്പുക പോലെയുള്ള കാര്യങ്ങൾ ചെയ്യരുത്. പൊതുചടങ്ങുകൾ ഒഴിവാക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആർഒ പ്ലാന്റിലെയോ ഫിൽറ്ററിലെയോ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയേ കുടിക്കാവൂ. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളം ചേർക്കരുത്. ശുചിമുറി ഉപയോഗിച്ചതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.പനി, ശരീരവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുക.
മഞ്ഞപ്പിത്തം: വകുപ്പു മേധാവികൾക്ക് കലക്ടറുടെ കത്ത്
ആലപ്പുഴ∙ ജില്ലയിൽ തുടർച്ചയായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വിവിധ വകുപ്പ് മേധാവികൾക്ക് കലക്ടർ അലക്സ് വർഗീസ് കത്തു നൽകി. ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയാണു കത്ത്.
വിവിധ വകുപ്പുകൾക്കുള്ള നിർദേശങ്ങൾ
വിദ്യാഭ്യാസ വകുപ്പ് : ഉച്ചഭക്ഷണം തയാറാക്കുമ്പോൾ ശുചിത്വം ഉറപ്പാക്കുക, സ്കൂളുകളിലെ ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആഹാരം കഴിക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും കൈ കഴുകാൻ ചുമരിൽ ഉറപ്പിക്കുന്ന സോപ്പ് ഡിസ്പൻസറുകൾ സ്ഥാപിക്കുക. ഭക്ഷ്യസുരക്ഷാ വകുപ്പ് : ഭക്ഷണശാലകളിലെ പാചകം, വിതരണം എന്നിവയിൽ ശുചിത്വം ഉറപ്പാക്കുക, ഹോട്ടൽ ജീവനക്കാർക്കിടയിൽ ബോധവൽക്കരണം നടത്തുക
ജല അതോറിറ്റി: കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുക, കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, സൂപ്പർ ക്ലോറിനേഷൻ, പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ നടത്തുക. തദ്ദേശ വകുപ്പ്: ശുദ്ധമായ വെള്ളം, ഭക്ഷണം എന്നിവ ഉറപ്പാക്കാൻ മറ്റു വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തുക.
∙എല്ലാ വകുപ്പുകളും സ്ഥാപനത്തിൽ ജീവനക്കാർ ശുദ്ധമായ വെള്ളമാണ് കുടിക്കുന്നത് എന്നുറപ്പാക്കുക. വാട്ടർ ഫിൽറ്ററുകളുടെ സർവീസ് കൃത്യമായി നടത്തുക, ചുമരിൽ ഉറപ്പിക്കുന്ന സോപ്പ് ഡിസ്പൻസറുകൾ സ്ഥാപിക്കുക, ഓഫിസുകളിലെ കന്റീനുകളുടെ ശുചിത്വം ഉറപ്പാക്കുക.