കിഴക്കൻ വെള്ളത്തിന്റെ വരവ്; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു
Mail This Article
കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു കൂടി. കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. 2 ദിവസത്തിനിടെ ഒരടിയോളം ജലനിരപ്പാണ് ഉയർന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മങ്കൊമ്പ് പ്രദേശത്തെ പല സ്ഥലങ്ങളിലും വെള്ളം കയറി. മങ്കൊമ്പ് ആറാട്ടുവഴി റോഡിലെ വെള്ളക്കെട്ടിനൊപ്പം പുത്തേഴംമുട്ട് റോഡിലടക്കം വെള്ളം കയറി. മങ്കൊമ്പ് സ്റ്റാച്യു റോഡിൽ പുറംബണ്ടിൽ നിന്നുള്ള ഉറവയിലൂടെ വെള്ളം കയറിയതു ദുരിതമായി. പാടശേഖരങ്ങളുടെ പുറംബണ്ടു കവിഞ്ഞും ഉറവയായും കൃഷിയിടത്തിലേക്കു വെള്ളം കയറാൻ തുടങ്ങിയതും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ വിളവെടുപ്പു പുരോഗമിക്കുകയാണ്.
ചില പാടശേഖരങ്ങളിൽ അടുത്ത ദിവസങ്ങളിൽ വിളവെടുപ്പു നടക്കും. മഴ വിളവെടുപ്പിനെ സാരമായി ബാധിക്കുന്ന സമയത്തു പുറംജലാശയത്തിൽ നിന്നുള്ള വെള്ളം കൂടി കൃഷിയിടത്തിലേക്ക് എത്തുന്നതു വിളവെടുപ്പിനെ സാരമായി ബാധിക്കും. പുറംചിറയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതു കൊയ്ത്ത് യന്ത്രങ്ങൾ താഴാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതു കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
ജലനിരപ്പ് ഉയർന്നെങ്കിലും കുട്ടനാട്ടിൽ അപകടനിലയ്ക്കു മുകളിൽ വെള്ളം എത്തിയില്ലെങ്കിലും വാണിങ് ലെവലിനു മുകളിലെത്തി. കാവാലത്ത് ഒരു സെന്റീ മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ അപകട നിലയ്ക്ക് ഒപ്പമെത്തുന്ന സ്ഥിതിയാണ്. കാവാലത്ത് ഇന്നലെ 1.39 മീറ്ററായിരുന്നു ജലനിരപ്പ്. മങ്കൊമ്പിൽ 1.23 മീറ്ററും ചമ്പക്കുളത്ത് 1.42 മീറ്ററും നെടുമുടിയിൽ 1.39 മീറ്ററും പള്ളാത്തുരുത്തിയിൽ 1.25 മീറ്ററുമാണ് ഇന്നലത്തെ ജലനിരപ്പ്. കാവാലത്തു 1.40 മീറ്ററും മങ്കൊമ്പിൽ 1.35 മീറ്ററും ചമ്പക്കുളത്തു 1.60 മീറ്ററും നെടുമുടിയിൽ 1.45 മീറ്ററും പള്ളാത്തുരുത്തിയിൽ 1.40 മീറ്ററുമാണ് അപകടനില.