ADVERTISEMENT

എടത്വ∙ കുട്ടനാട് മേഖലയിൽ സർക്കാർ സബ്സിഡി നൽകി കർഷകർക്കും സംഘകൃഷി ചെയ്യുന്നവർക്കും കർഷക സംഘടനകൾക്കും വിതരണം ചെയ്ത കൊയ്ത്ത് യന്ത്ര‌ങ്ങൾ എവിടെപ്പോയെന്ന് ചോദ്യമുയരുന്നു. ജില്ലയിൽ നിലവിൽ രണ്ടാം കൃഷിക്ക് കൊയ്ത്ത് യന്ത്ര‌ം അയൽ സംസ്ഥാനത്തു നിന്ന് എത്തിക്കുകയാണ്. യഥാസമയം പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രം ലഭിക്കാതെ, കർഷകർ നെട്ടോട്ടത്തിലാണ്. അതേസമയം 2018 മുതൽ കഴിഞ്ഞ സീസൺ വരെ കൃഷിവകുപ്പിൽ നിന്നു 11 ലക്ഷം രൂപ വരെ സബ്സിഡിയോടെ 48 കൊയ്ത്ത് യന്ത്രങ്ങൾ കുട്ടനാട്ടിൽ വിതരണം ചെയ്തെന്നാണ് വിവരാവകാശ രേഖയിലൂടെ വ്യക്തമായത്.  നെൽക്കർഷക സംരക്ഷണ സമിതി പ്രസിഡന്റ് സോണിച്ചൻ പുളിങ്കുന്നിന് ലഭിച്ച വിവരാവകാശ രേഖയിൽ 42 യന്ത്രങ്ങൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു ശേഷം 6 യന്ത്രം കൂടി വിതരണം ചെയ്തിട്ടുണ്ട്. യന്ത്രങ്ങൾ പാടത്തിറങ്ങിയിരുന്നെങ്കിൽ ‌രണ്ടാം കൃഷി (ഒന്നാംവിള) വിളവെടുപ്പിന് യന്ത്രക്ഷാമം ഉണ്ടാകില്ലായിരുന്നു.

മാത്രമല്ല, അമിത‌ കൂലി നൽകി കൊയ്ത്ത് നടത്തേണ്ടി വരില്ലായിരുന്നു. സർക്കാർ സബ്സിഡി നൽകി ഇത്തരം യന്ത്രങ്ങൾ നൽകുമ്പോൾ പരമാവധി കർഷകർക്കു ഗുണകരമാകണമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വിതരണം ചെയ്ത നാൽപതോളം യന്ത്രങ്ങൾ പലരും ഇതിനോടകം മറ്റു സ്ഥലങ്ങളിൽ കൊയ്ത്തിനു കൊണ്ടുപോകുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ആരുടെ കൈവശം യന്ത്രമുണ്ടെന്ന് ഉറപ്പാക്കാനും കൃഷിവകുപ്പ് അധികൃതർക്ക് ആകുന്നില്ല. ഒരു യന്ത്രത്തിന്റെ വില 28 ലക്ഷം മുതൽ 32 ലക്ഷം വരെയാണ്. ഒന്നുകിൽ 50 ശതമാനം സബ്സിഡി അല്ലെങ്കിൽ പരമാവധി 11 ലക്ഷം വരെ എന്നതാണു കണക്ക്. 

അടിമുടി കെടുകാര്യസ്ഥത
മുൻപ് കൊയ്ത്ത് യന്ത്രം കൊണ്ടുള്ള കൊയ്ത്ത് ആരംഭിച്ച സമയത്ത് ജില്ലാ പഞ്ചായത്തിന്റെ കൈവശം 19 യന്ത്രങ്ങളും കെയ്കോ, കാംകോ, കൃഷി വകുപ്പ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ 156 കൊയ്‌ത്തു യന്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്.  ജില്ലാ പഞ്ചായത്ത് വർഷങ്ങൾക്കു മുൻപു തന്നെ  കാലഹരണപ്പെട്ട സ്വന്തം യന്ത്രങ്ങൾ ഒഴിവാക്കി.  മറ്റുള്ളവ ഉപയോഗശൂന്യമായ നിലയിൽ വിവിധ കേന്ദ്രങ്ങളിൽ വെയിലും മഴയുമേറ്റ് കിടക്കുകയാണ്.പിന്നീട് സ്വകാര്യവ്യക്തികൾക്കും സംഘകൃഷിക്കാർക്കും സംഘടനകൾക്കും നൽകിയതാണ് 48 യന്ത്രങ്ങൾ. സർ‍ക്കാർ സബ്സിഡിയോടെ നൽകിയ  യന്ത്രങ്ങളുടെ ലഭ്യത പാടശേഖരങ്ങളിൽ ഉറപ്പാക്കിയിരുന്നെങ്കിൽ  കാർഷിക മേഖലയിൽ ഇത്തരം പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കർഷകരുടെ പക്ഷം.

English Summary:

Concerns are mounting in Kuttanad as farmers struggle to find harvesting machines for their second crop. Despite government subsidies and distribution of numerous machines, their current whereabouts remain unclear, prompting questions about their proper utilization and potential misuse.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com