ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിതവിഭാഗം അതിദൂരെ..!
Mail This Article
ആലപ്പുഴ ∙ പുതിയ 7 നില ഒപി മന്ദിരത്തിൽ വരുന്ന രോഗികൾക്ക് അവിടെ വച്ച് പെട്ടെന്നു ക്ഷീണം സംഭവിച്ചാൽ വേഗം പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ കഴിയുന്നില്ല.കഴിഞ്ഞ 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ മന്ദിരത്തിലെ ഒപി വിഭാഗങ്ങളും പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗവും തമ്മിൽ 100 മീറ്ററോളം ദൂരമുണ്ട്. ഇതിനിടയിലെ റോഡ് പൂർണമായും തകർന്നതാണ്. ഇന്റർലോക്ക് കട്ടകൾ ഇളകി കിടക്കുന്നതിനാൽ വീൽചെയറിലോ സ്ട്രെച്ചറിലോ രോഗികളെ കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം ഒന്നാം നിലയിലെ ഓർത്തോപീഡിക്സ് ഒപിയിൽ നടുവിന് വേദനയുമായി വന്ന സ്ത്രീ അവിടെ തലചുറ്റി വീണു. വീൽ ചെയറിൽ ഇരുത്തി അവരെ അവിടെ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കാൻ ഇന്റർലോക്ക് പാകിയ റോഡിൽ കൂടി കൊണ്ടുപോയപ്പോൾ കടുത്ത വേദന അനുഭവപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ രോഗി കൂടുതൽ അവശ നിലയിലായി. ഡോക്ടർമാർ വളരെ വേഗം ചികിത്സ നൽകിയാണ് ജീവൻ രക്ഷിച്ചത്.
ഈ വഴി തന്നെ വേണം മെഡിക്കൽ ഐസിയുവിലും രോഗികളെ എത്തിക്കാൻ. പുതിയ ഒപി മന്ദിരവും അത്യാഹിത വിഭാഗവും പഴയ കെട്ടിടത്തിലെ മറ്റ് സംവിധാനങ്ങളുമായി വേഗം ബന്ധപ്പെടാൻ റോഡും മേൽപുരയും റാംപും നിർമിക്കുമെന്നു അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടിയായില്ല. അതുവരെ വാഹനം ഏർപ്പെടുത്തുമെന്ന ഉറപ്പും പാലിച്ചിട്ടില്ല. ഒപി മന്ദിരത്തിൽ ലിഫ്റ്റിന്റെ പ്രവർത്തനവും തുടക്കം മുതൽ മുടങ്ങുന്നതായും രോഗികൾ പറഞ്ഞു.