സൈബർ തട്ടിപ്പുകൾ കൂടുന്നു: ആലപ്പുഴയിൽ ഈ വർഷം നഷ്ടപ്പെട്ടത് 34.53 കോടി രൂപ
Mail This Article
ആലപ്പുഴ∙ ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. കഴിഞ്ഞ വർഷം ജില്ലയിൽ 94 സൈബർ കേസുകൾ റജിസ്റ്റർ ചെയ്ത സ്ഥാനത്ത് ഈ വർഷം ആദ്യത്തെ 10 മാസത്തിനുള്ളിൽ 251 കേസുകൾ റജിസ്റ്റർ ചെയ്തു. ഓൺലൈൻ തട്ടിപ്പിലൂടെ ജില്ലയിൽ ഈ വർഷം നഷ്ടപ്പെട്ടത് 34.53 കോടി രൂപ. 58 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
82 ലക്ഷം രൂപ തിരികെപ്പിടിച്ചു. ഇത്തരം പരാതികളിൽ പലതും കോടതിക്കു പുറത്തുവച്ച് തന്നെ തീർപ്പാക്കുന്ന പ്രവണതയുമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 2024ൽ സംസ്ഥാനത്താകെ സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് ഇതുവരെ നഷ്ടപ്പെട്ടത്.
ജില്ലയിൽ നടന്ന പ്രധാന തട്ടിപ്പുകൾ
∙ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികൾക്ക് ഓൺലൈൻ ഓഹരി നിക്ഷേപ തട്ടിപ്പിൽ 7.55 കോടി നഷ്ടമായി. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്.
∙ മാന്നാർ സ്വദേശിക്ക് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ 1.64 കോടി രൂപ നഷ്ടമായി.
∙ വെൺമണി സ്വദേശിക്ക് 1.30 കോടി നഷ്ടമായി.
∙ ചേർത്തല സ്വദേശിയുടെ ഫോൺ നമ്പർ രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായി ട്രായ് ഉദ്യോഗസ്ഥനെന്ന വ്യാജേന അറിയിക്കുകയും കേസിൽ നിന്ന് ഒഴിവാക്കാനെന്ന പേരിൽ 61.40 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
∙ ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 99 ലക്ഷം രൂപ നഷ്ടമായി.
∙ ഇഡി ഉദ്യോഗസ്ഥനെന്ന പേരിൽ കായംകുളം സ്വദേശിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തു.
∙ ഡിജിറ്റൽ മാർക്കറ്റിങ്ങിനെന്ന പേരിൽ കംബോഡിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തട്ടിപ്പ്: 8 ഏജന്റുമാർക്കെതിരെ കേസെടുത്തു
അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
∙ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനു മുൻപ് സ്ഥാപനം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നുറപ്പാക്കുക
∙ രാജ്യദ്രോഹക്കേസുകളിൽ ഉൾപ്പെട്ട മൊബൈൽ ഫോൺ ഉടമകളെ അന്വേഷണ ഏജൻസികൾ വിളിച്ചു പണം നൽകാൻ ആവശ്യപ്പെടില്ല
∙ വിദേശത്തേക്ക് അയയ്ക്കുന്ന പാഴ്സലുകളിൽ ലഹരിമരുന്ന് കണ്ടെത്തി എന്ന തരത്തിലുള്ള ഫോൺവിളികളോടു പ്രതികരിക്കാതിരിക്കുക. വിവരം പൊലീസിനെ അറിയിക്കുക
∙ ആധികാരികത ഉറപ്പുവരുത്തി മാത്രം ഓൺലൈൻ ജോലികളിൽ ഏർപ്പെടുക
∙ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വെർച്വൽ കോടതിയും വെർച്വൽ അറസ്റ്റും ഇല്ല.
മറക്കാതിരിക്കുക
∙ അയയ്ക്കാത്ത കുറിയറിന്റെ പിന്നാലെ പോകുന്നത് ആപത്ത്
∙ എടുക്കാത്ത ലോട്ടറി അടിക്കില്ല
∙ ഈടില്ലാതെ ലഭിക്കുന്ന വായ്പ അപകടം
∙ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുക്കാനുള്ളതല്ല.
എസ്പിയെയും വിളിച്ചു തട്ടിപ്പുകാർ
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സൈബർ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറയുന്നു. അധ്യാപകരും ഡോക്ടർമാരും സർക്കാർ ജീവനക്കാരുമെല്ലാം തട്ടിപ്പിൽ പെട്ടിട്ടുണ്ട്. തട്ടിപ്പുകാർക്ക് സ്വന്തം ഫോണിൽ വന്ന ഒടിപി പറഞ്ഞുകൊടുത്ത ബാങ്ക് ജീവനക്കാരനുണ്ട്. തനിക്കും ഇത്തരം ഒരു തട്ടിപ്പു ഫോൺവിളി വന്നതായും അദ്ദേഹം പറഞ്ഞു. ചെറിയൊരു തുക നൽകിയാൽ വൻതുക മടക്കിനൽകും എന്നായിരുന്നു വാഗ്ദാനം. താൻ മുടക്കേണ്ട തുക കിഴിച്ചുള്ള പണം തന്നോളൂ എന്നു മറുപടി നൽകിയതോടെ തട്ടിപ്പുകാർ കോൾ കട്ടു ചെയ്തു.
സൂക്ഷിക്കുക ഈ തട്ടിപ്പുരീതികൾ
വെർച്വൽ അറസ്റ്റ്: വിവിധ അന്വേഷണ ഏജൻസികളുടെ പേരിൽ വിഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യുകയും കേസിൽ നിന്ന് ഒഴിവാക്കാനായി പണം തട്ടിയെടുക്കുകയും ചെയ്യും കുറിയർ തട്ടിപ്പ്: ലഹരിമരുന്നുകൾ അടങ്ങിയ കുറിയർ നിങ്ങളുടെ പേരിൽ വന്നിട്ടുണ്ടെന്നു പറയുകയും കേസിൽ നിന്ന് ഒഴിവാക്കാനായി പണം ആവശ്യപ്പെടുകയും ചെയ്യും
കെവൈസി അപ്ഡേഷൻ തട്ടിപ്പ്: ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ തുടങ്ങിയവയുടെ കെവൈസിയുടെ കാലാവധി കഴിഞ്ഞെന്ന പേരിൽ ലിങ്ക് അയച്ച് അക്കൗണ്ട് വിവരങ്ങളും ഒടിപിയും കൈക്കലാക്കി പണം തട്ടുംവർക്ക് ഫ്രം ഹോം തട്ടിപ്പ്: വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന പേരിൽ വൻ തുകകൾ നിക്ഷേപമായി വാങ്ങി പണം തട്ടുംഓൺലൈൻ ലോൺ തട്ടിപ്പ്: ഓൺലൈൻ ലോണിന്റെ പേരിൽ പ്രോസസിങ് ചാർജായി വൻതുക തട്ടുംവിഡിയോ കോൾ തട്ടിപ്പ്: വിഡിയോ കോൾ ചെയ്തു നഗ്ന വിഡിയോ നിർമിച്ചു ഭീഷണിപ്പെടുത്തി പണം തട്ടും തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ ചെറിയ തുക നൽകി വാടകയ്ക്ക് എടുക്കും. ഈ അക്കൗണ്ടിലൂടെ നടത്തുന്ന തട്ടിപ്പുകൾക്ക് യഥാർഥ ഉടമയായിരിക്കും ഉത്തരവാദി.
പരാതിപ്പെടാൻ 1930
∙ സൈബർ തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ WWW.cybercrime.gov.in എന്ന വെബ്സെറ്റ് വഴിയോ പൊലീസിനെ അറിയിക്കുക.