ADVERTISEMENT

കായംകുളം∙ റവന്യു ജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നഗരസഭാ കൗൺസിലർമാരും അധ്യാപക സംഘടനാ പ്രതിനിധികളും ചേരിതിരിഞ്ഞു വാക്കു തർക്കവും ബഹളവും ഉണ്ടായതിനെ തുടർന്ന് അലസിപ്പിരിഞ്ഞു. നവംബർ അവസാന വാരം കായംകുളത്ത് നടത്താൻ നിശ്ചയിച്ച ജില്ലാ സ്കൂൾ കലോത്സവത്തിനു വിവിധ കമ്മിറ്റികളെ പ്രഖ്യാപിച്ചതോടെയാണ് തർക്കവും ബഹളവുമുണ്ടായത്.

ഇതോടെ കലോത്സവം ഇവിടെ നിന്ന് മാറ്റണമെന്നും അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ അധ്യാപക സംഘടന പ്രതിനിധികളുമായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇന്ന് ആലപ്പുഴ ഓഫിസിൽ ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കും.ഇന്നലെ  ഉച്ചയ്ക്ക് കായംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് സംഭവം.

നഗരസഭാ കൗൺസിലർമാരെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻന്മാരാക്കിയതിൽ വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പ്രതിഷേധിച്ചതോടെ തർക്കമായി.കായംകുളം നഗരസഭയിലെ കോൺഗ്രസ് അംഗം എ.പി. ഷാജഹാനെ ഫുഡ് കമ്മിറ്റി ചെയർമാനാക്കിയത് ഒരു വിഭാഗം അധ്യാപക സംഘടനകൾ എതിർ‍ത്തിരുന്നു.

ഇതോടെ എ.പി.ഷാജഹാനെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതായി ഡപ്യൂട്ടി ഡയറക്ടർ  ഇ.എസ്.ശ്രീലത അറിയിച്ചു. യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളും കൗൺസിലർമാരും ഇതിനെതിരെ രംഗത്തെത്തി. കായംകുളം നഗരസഭാ ചെയർപഴ്സൻ പി.ശശികലയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണു തർക്കം തുടങ്ങിയത്. ഡിഡി ഇ.എസ്.ശ്രീലത മുൻകൂട്ടി തയാറാക്കിയ പട്ടിക പ്രകാരം സബ് കമ്മിറ്റികളുടെ ഭാരവാഹികളെയും അംഗങ്ങളെയും പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം ആരോപിച്ചു.

11 സബ് കമ്മിറ്റികളിൽ ഭൂരിപക്ഷത്തിലും നഗരസഭാ കൗൺസിലർമാർ ചെയർമാൻ സ്ഥാനത്തു വന്നതോടെയാണു വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ വിയോജിപ്പുമായി രംഗത്തെത്തിയത്. തുടർന്ന് യോഗം അവസാനിപ്പിച്ച് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെട്ട സംഘം മടങ്ങുകയായിരുന്നു. കായംകുളം ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് നഗരസഭ അധ്യക്ഷ പി.ശശികല വിട്ടുനിന്നിരുന്നു.

കൂടിയാലോചന നടത്താതെ ചില അധ്യാപക സംഘടനകൾ പരിപാടികൾ നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു നഗരസഭാധ്യക്ഷ വിട്ടുനിന്നത്. ഇതിന്റെ തുടർച്ചയാണ് ജില്ലാ കലോത്സവ സ്വാഗതസംഘ രൂപീകരണത്തിൽ മറനീക്കി പുറത്തുവന്നതെന്നും ആക്ഷേപമുണ്ട്.

സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു
ആലപ്പുഴ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിനായി കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം അലങ്കോലമാക്കിയതിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) പ്രതിഷേധിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിന് അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ഇതുവരെ ഇല്ലാത്ത വിധം വലിയ തുക പിരിവ് എടുക്കാൻ തീരുമാനിച്ചതിലും കെപിഎസ്ടിഎ പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു, സംസ്ഥാന സെക്രട്ടറി ജോൺ ബോസ്കോ, കെ.രഘുകുമാർ, കെ.ഡി.അജിമോൻ, മിനി മാത്യു, ബിനോയി വർഗീസ്, സോണി പവേലിൽ, കെ.എൻ.അശോക് കുമാർ, ഇ.ആർ.ഉദയകുമാർ, ആർ.കെ.സുധീർ എന്നിവർ പ്രസംഗിച്ചു.

English Summary:

The Kayamkulam Revenue District School Arts Festival is embroiled in controversy after a heated meeting between teacher organizations and municipal councilors over committee appointments. The dispute has led to protests, calls for relocation, and concerns about the festival's future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com