അർത്തുങ്കൽ ബസിലിക്കയിലേക്കുള്ള റോഡുകൾ തകർന്നു
Mail This Article
ചേർത്തല∙ ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ ബസിലിക്കയിലെ മകരം തിരുനാളിനു രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ബസിലിക്കയിലേക്കുള്ള ഇടറോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ജനുവരി 10 മുതൽ 27 വരെയാണ് അർത്തുങ്കൽ ബസിലിക്കയിലെ പ്രധാന തിരുനാൾ. തിരുനാളിനു മുൻപ് റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്.
ചേർത്തല തെക്ക് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കളരിക്കൽ- മുട്ടുങ്കൽ റോഡ്, ബീച്ച് റോഡ്, ആയിരം തൈ മുസ്‌ലിം പള്ളി- സെന്റ് ജോർജ് പള്ളി റോഡ് തുടങ്ങിയവയാണ് പ്രധാനമായും തകർന്നു കിടക്കുന്നത്. തിരുനാൾ സമയങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ബസിലിക്കയിലേക്ക് എത്തുന്നത്.
പ്രധാന റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് വർധിക്കുമ്പോൾ ഇടറോഡുകളാണ് തീർഥാടകരും പ്രദേശവാസികളും ഏറെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം തിരുനാൾ സമയങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ താൽക്കാലികമായി നന്നാക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് വീണ്ടും കുഴികൾ നിറഞ്ഞത് വലിയ പ്രതിസന്ധിയുണ്ടാക്കി. രണ്ടു മാസത്തിനുള്ളിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ തിരുനാളിനെത്തുന്ന തീർഥാടകരെയും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ട് നേരിടും.