ചാരുംമൂട് കെഎസ്ഇബി ഓഫിസ്; മഴ വന്നാൽ വെള്ളക്കെട്ട്, വെയിലാണെങ്കിൽ ചൂട്: തലയ്ക്കുമീതെ അപകടം
Mail This Article
ചാരുംമൂട്∙ മഴ വന്നാൽ വെള്ളക്കെട്ട്, വെയിലാണെങ്കിൽ ചൂട്. ചാരുംമൂട് കെഎസ്ഇബി ഓഫിസ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിൽ. ജീവനക്കാർ ആശങ്കയിൽ. കെഐപിയുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെഎസ്ഇബി ഓഫിസ് 2017ലാണ് സ്വന്തം സ്ഥലത്ത് നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന് പങ്കെടുക്കുന്നവർക്കായി താമസിക്കുന്നതിന് നിർമിച്ച താൽക്കാലിക സാമഗ്രികൾ പൊളിച്ചുകൊണ്ടുവന്നാണ് ചാരുംമൂട് ഓഫിസ് നിർമിച്ചത്.
ഇരുവശത്തും മെറ്റൽ ഷീറ്റ് ഘടിപ്പിച്ച ഷീറ്റുകളാണ് ഭിത്തിക്ക് പകരം ഉപയോഗിച്ചിട്ടുള്ളത്. ഒരടി പൊക്കത്തിലുള്ള അടിത്തറയും 35 സെന്റീമീറ്റർ ഉയരത്തിലുമാണ് തറയിൽ നിന്നുള്ള ഭിത്തി നിർമിച്ചിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കിയാണ് അന്ന് ഇതിന്റെ നിർമാണം നടത്തിയത്. നിലവിൽ ഇത് ഒരു കുഴിയിലാണ് നിർമിച്ചിട്ടുള്ളത്. വശങ്ങളിലെല്ലാം കനാലുകളും ഉയർന്ന സ്ഥലവുമാണ്. ഇവിടെ നിന്നുള്ള വെള്ളം ഇവിടേക്കാണ് ഒഴുകി ഇറങ്ങുന്നത്. ഈ വെള്ളത്തിൽ അടിത്തറ പൂർണമായും തകർന്നിരിക്കുകയാണ്.
ഷീറ്റുകളുടെ നാല് വശവും അടിത്തറയിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ ദ്രവിച്ചും പൊടിഞ്ഞും മാറിയിരിക്കുകയാണ്. യാതൊരു ബലവും ഇല്ലാത്ത അവസ്ഥയിലാണ് ഈ കെട്ടിടത്തിന്റെ അവസ്ഥ. മുകൾ വശത്ത് ഇട്ടിരിക്കുന്ന ഷീറ്റുകൾ പൊടിഞ്ഞ് ഇതിലൂടെ ജീവനക്കാർ ഇരിക്കുന്ന മുറിയിലേക്ക് വെള്ളം വീഴുകയാണ്. മഴക്കാലത്ത് പൂർണമായും ഈ മുറി വെള്ളക്കെട്ടിലാണ്. എക്സ് ഇ, എഇ, സൂപ്രണ്ട് തുടങ്ങി നിരവധി പേർ ഇരിക്കുന്ന മുറികൾ ഇന്നലത്തെ ശക്തമായ മഴയിൽ പോലും ചോർച്ചയിൽ മുങ്ങി.
സബ് എൻജിനീയർമാർ ഇരിക്കുന്ന മുറികളും മഴക്കാലത്ത് വെള്ളക്കെട്ടും വെയിൽ സമയങ്ങളിൽ മുകൾ വശം പൊടിഞ്ഞ ഭാഗങ്ങളിലൂടെ ചൂടും അടിക്കുകയാണ്. ഒൻപത് മുറികളാണ് ആകെയുള്ളത്. മഴക്കാലങ്ങളിൽ റോഡിൽ നിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നതും ഇവിടേക്കാണ്. കെഎസ്ഇബിയുടെ വൈദ്യുതി സംബന്ധമായ കമ്പി ഉൾപ്പെടെ സൂക്ഷിക്കുവാൻ ഇല്ലാത്ത അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. എളുപ്പത്തിൽ ടെന്റ് മോഡലിൽ തട്ടിക്കൂട്ടിയ ഈ ഓഫിസ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും ശക്തമായ കാറ്റിൽ കുലുങ്ങുന്നുണ്ട്.
നിരവധി പരാതികൾ കെഎസ്ഇബിക്ക് നൽകിയിട്ടും ഇതിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആവശ്യമായ പരിശോധന നടത്തിയാൽ ഇതിന് പരിഹാരം കാണാൻ കഴിയും. 2017ഒക്ടോബർ 11ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം.മണിയാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. അടിയന്തരമായി സുരക്ഷിതമായൊരു കെട്ടിടം നിർമിക്കുവാനുള്ള നടപടികൾ ചെയ്യുമെന്ന് മന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടികൾ ഇതുവരെയും ആയിട്ടില്ല.
10 വർഷത്തിൽ കൂടുതൽ ഈ കെട്ടിടത്തിന് ആയുസ്സില്ലെന്ന് അന്ന് നിർമാണ ചുമതലയിലുണ്ടായിരുന്നവർ പറഞ്ഞിരുന്നു. സ്വന്തം സ്ഥലമായതിനാൽ പുതിയ കെട്ടിടം എത്രയും വേഗം നിർമിക്കാനുള്ള നടപടി വകുപ്പ് മന്ത്രിയും എംഎൽഎയും സ്വീകരിച്ചാൽ ചാരുംമൂട് കെഎസ്ഇബി ഓഫിസിനെയും ഇവിടത്തെ ജീവനക്കാരെയും സുരക്ഷിതമാക്കാൻ കഴിയും.