1000 കെ സ്റ്റോറുകൾകൂടി തുടങ്ങണമെന്നു സർക്കാർ; റേഷൻ വ്യാപാരികൾക്കുമേൽ സമ്മർദം
Mail This Article
ആലപ്പുഴ∙ ഡിസംബറിനു മുൻപു സംസ്ഥാനത്ത് 1000 കെ സ്റ്റോറുകൾ കൂടി തുടങ്ങാൻ പൊതുവിതരണ വകുപ്പ് നിർദേശം. കെ സ്റ്റോർ തുടങ്ങാൻ റേഷൻ വ്യാപാരികൾക്കു താൽപര്യമില്ലെന്നതിനാൽ പദ്ധതി പൂർത്തിയാക്കാൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. സമ്മർദത്തിലൂടെയും പ്രലോഭനങ്ങൾ നൽകിയുമാണു കെ സ്റ്റോർ തുടങ്ങാൻ വ്യാപാരികളെ കണ്ടെത്തുന്നത്. 2022 മേയ് 28നാണു സംസ്ഥാനത്തെ 1000 റേഷൻകടകൾ കെ സ്റ്റോറുകളാക്കുമെന്നാണു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ രണ്ടു വർഷത്തോളം നീണ്ട ശ്രമത്തിലൂടെ ഈ വർഷം ഓഗസ്റ്റിലാണു സംസ്ഥാനത്തെ ആകെ കെ സ്റ്റോറുകളുടെ എണ്ണം 1000 എത്തിയത്. ഇതിനു പിന്നാലെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ അടുത്ത 1000 കെ സ്റ്റോറുകൾ ആരംഭിക്കാൻ നിർദേശമെത്തിയത്.
നിലവിൽ ഏകദേശം 1100 കെ സ്റ്റോറുകളാണു സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. വകുപ്പ് ആസ്ഥാനത്തു നിന്ന് ഓരോ ജില്ലയിലും ആരംഭിക്കേണ്ട കെ സ്റ്റോറുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. തുടർന്നു ജില്ലാതലത്തിൽ ഓരോ താലൂക്കിനും വീതിച്ചു നൽകി. തുടർന്നാണ് ഉദ്യോഗസ്ഥർ റേഷൻ വ്യാപാരികളെ സമീപിച്ചു തുടങ്ങിയത്. കെ സ്റ്റോറിനു വേണ്ടത്ര വിസ്തീർണമുള്ള റേഷൻകടകൾ കുറവാണെന്നതു പദ്ധതി പൂർത്തിയാക്കൽ പ്രതിസന്ധിയിലാക്കുമെന്നു പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ റേഷൻകടകളെ ഒരു ലക്ഷത്തിലധികം രൂപ ചെലവാക്കി കെ സ്റ്റോറുകളാക്കി മാറ്റിയാൽ, അതിനനുസരിച്ചു ലാഭമില്ലെന്നു റേഷൻ വ്യാപാരികളും പറയുന്നു.