മകനെ സ്കൂളിലാക്കാനെത്തിയ പിതാവ് ഓടയിൽ വീണു
Mail This Article
ആലപ്പുഴ∙ നിർമാണത്തിലിരിക്കുന്ന ഓടയിൽ വീണ് നഗരത്തിൽ വീണ്ടും അപകടം. ഇന്നലെ രാവിലെ ഒൻപതരയോടെ മുല്ലയ്ക്കൽ സിഎംഎസ് എൽപിസ്കൂളിനു മുന്നിലെ ഓടയിലേക്കാണ് കുട്ടിയെ സ്കൂളിലാക്കാനെത്തിയ പിതാവ് വീണത്. പ്രൊവിഡൻസ് ആശുപത്രിക്കു സമീപം താമസിക്കുന്ന അംബികയിൽ ജ്യോതികുമാറിനാണ് (54) പരുക്കേറ്റത്.
നാലാംക്ലാസ് വിദ്യാർഥിയായ മകനെ സ്കൂളിനു മുന്നിൽ ബൈക്ക് നിർത്തി ഇറക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഓടയിലേക്ക് ചെരിയുകയായിരുന്നു. വാഹനത്തിരക്കും ഇടുങ്ങിയ റോഡുമുള്ള ഇവിടെ എതിർ ദിശയിൽ നിന്നും വാഹനം വേഗത്തിലെത്തിയപ്പോൾ ബൈക്ക് വശത്തേക്ക് ഒതുക്കി. ഇതിനിടെ മകൻ ബൈക്കിൽ നിന്നും ഓടയിലേക്കു വീഴാൻ തുടങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് സമീപത്തുണ്ടായിരുന്നവരെത്തി ഇവരെ രക്ഷപ്പെടുത്തി. വിരലിനു പൊട്ടലും കാലിനും നീരും ഉണ്ടായതിനെത്തുടർന്ന് ജ്യോതികുമാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടാഴ്ചയായി ഇവിടെ കുഴിയെടുത്ത് ഓട നിർമിച്ചു കൊണ്ടിരിക്കുകയാണ്. സ്കൂളിലേക്ക് കയറുന്നതിനായി ഓടയ്ക്കു കുറുകെ ഇരുമ്പ് ഷീറ്റ് നിരത്തിയിട്ടുണ്ടെങ്കിലും കൊച്ചുകുട്ടികൾ ഇതിലൂടെ സഞ്ചരിക്കുന്നത് അപകടഭീഷണിയുയർത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഇന്ദിര ജംക്‌ഷനു സമീപം ചാത്തനാട് റോഡിന്റെ ഓടയിൽ വീണ് ഗർഭിണിയായ യുവതിക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ സസിടിവി ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതോടെ മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിനു ഉത്തരവിടുകയും പൊതുമരാമത്ത് ചീഫ് എൻജിനീയർ മന്ത്രിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.