ദർശനപുണ്യം തേടി തീർഥാടകപ്രവാഹം
Mail This Article
ചെങ്ങന്നൂർ ∙ ദർശനപുണ്യം തേടിയെത്തുന്ന ഭക്തരാൽ നിറഞ്ഞു ശബരിമലയുടെ കവാടം. ഇന്നലെ വൈകിട്ടു വരെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ഓപ്പറേറ്റിങ് സെന്ററിൽ നിന്നു കെഎസ്ആർടിസി 41 പമ്പ സർവീസുകളാണു നടത്തിയത്. രാത്രി എത്തുന്ന തീർഥാടകരും പമ്പയ്ക്കു പുറപ്പെടുന്നതോടെ സർവീസുകളുടെ എണ്ണം വർധിക്കും. തീർഥാടനകാലത്തോട് അനുബന്ധിച്ച് ആദ്യഘട്ടമായി 8 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരുന്നു. സ്റ്റേഷനിൽ നഗരസഭയുടെ ഇൻഫർമേഷൻ സെന്റർ തുറന്നു. തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് എയ്ഡ്പോസ്റ്റ്, ആരോഗ്യവകുപ്പ് സേവനകേന്ദ്രം എന്നിവയും തുറക്കും. പൊലീസ് നിയന്ത്രണത്തിലുള്ള പ്രീ പെയ്ഡ് ഓട്ടോ– ടാക്സി കൗണ്ടർ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
കേന്ദ്രമന്ത്രി സന്ദർശിച്ചു
റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണം വൈകാതെ നടപ്പാക്കുമെന്നു സ്റ്റേഷൻ സന്ദർശിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ചെങ്ങന്നൂരിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതു ശ്രദ്ധയിൽപെടുത്തിയപ്പോൾ അക്കാര്യത്തിൽ സംസ്ഥാന സർക്കാരല്ലേ നടപടി സ്വീകരിക്കേണ്ടത് എന്നായിരുന്നു മറുപടി. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
‘റെയിൽവേക്ക് ഇരട്ടി തുക വാടകയും വൈദ്യുതി ചാർജും’
മണ്ഡല– മകരവിളക്ക് ഉത്സവ കാലത്ത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സേവന കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിനു മുൻകാലത്തെ അപേക്ഷിച്ച് ഇരട്ടി തുകയാണ് റെയിൽവേ ഇപ്രാവശ്യം ഈടാക്കുന്നതെന്ന് പരാതി. മുൻവർഷങ്ങളിൽ പ്രതിദിനം ജിഎസ്ടി ഉൾപ്പെടെ 649 രൂപ സ്ഥല വാടക നിശ്ചയിച്ചിരുന്നെങ്കിൽ ഇക്കുറി 1298 രൂപയാണ് ഈടാക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ പറഞ്ഞു. വൈദ്യുതി ചാർജ് ഇനത്തിൽ 7000 രൂപ വേറെയും അടയ്ക്കണം. റെയിൽവേ സൗജന്യമായി സ്ഥലം അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.