അയൽവാസിയെ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച പ്രതികൾ അറസ്റ്റിൽ
Mail This Article
വള്ളികുന്നം ∙ ബാറിൽ നടന്ന സംഘർഷത്തിൽ അയൽവാസിയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപിച്ച പ്രതികൾ അറസ്റ്റിൽ. ഓച്ചിറ ഞക്കനാൽ റമീസ് മൻസിലിൽ റമീസ് (24), വള്ളികുന്നം കാരാഴ്മ രതീഷ് ഭവനത്തിൽ രഞ്ജിത്ത് (ചന്തു–32) എന്നിവരെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 12ന് രാത്രി 9.30ന് ചൂനാട്ട് ബാറിന്റെ മുൻ വശമുള്ള ഇടനാഴിയിൽ വച്ചാണ് വള്ളികുന്നം ഷറഫുദ്ദീനെ (36) മുൻ വൈരാഗ്യത്തെ തുടർന്ന് ഇരുവരും ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിനിടയിൽ റമീസ് അവിടെയുണ്ടായിരുന്ന സോഡാ കുപ്പി എടുത്ത് ഷറഫുദ്ദീന്റെ തലയിൽ അടിക്കുകയായിരുന്നു. അടി കൊണ്ട് ഷറഫുദ്ദീൻ വീഴുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതികൾ ബൈക്കിൽ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഷറഫുദ്ദീനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടി. രഞ്ജിത്തിന് എതിരെ വള്ളികുന്നം സ്റ്റേഷനിൽ മറ്റു കേസുകളും നിലവിലുണ്ട്. ഷറഫുദ്ദീന്റെ മാതൃ സഹോദരിയുടെ മാടക്കട തീ ഇട്ട് നശിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രജ്ഞിത്ത് ഇതിന്റെ വിരോധത്തിലാണു ഷറഫുദ്ദീനെ ആക്രമിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെയും വള്ളികുന്നം എസ്എച്ച്ഒ ടി.ബിനുകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.