അരയ്ക്കു താഴേക്കു തളർന്നിട്ട് 32 വർഷം, 13 വർഷമായി ആധാർ കാർഡ് കാത്ത് ഇഖ്ബാൽ; ക്ഷേമപെൻഷനും റേഷനും മുടങ്ങി
Mail This Article
ആലപ്പുഴ ∙ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന്റെ (59) ലോകം കട്ടിലിലേക്കു ചുരുക്കിയത് 32 വർഷം മുൻപു നടന്ന ഒരു വാഹനാപകടമാണ്. റോഡിലെ ആരുടെയോ അശ്രദ്ധ. അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്ന ഇഖ്ബാലിന്റെ ജീവിതം കൂടുതൽ ദുരിതത്തിലേക്കു തള്ളിയിടുകയാണു 13 വർഷം മുൻപ് മറ്റാർക്കോ പറ്റിയ ഒരു അശ്രദ്ധ. 13 വർഷം മുൻപ് അപേക്ഷിച്ച ആധാർ കാർഡ് ഇപ്പോഴും കിട്ടാത്തതിനാൽ ഇഖ്ബാലിന്റെ ക്ഷേമപെൻഷനും റേഷനും മുടങ്ങി. 13 വർഷം മുൻപ് ഇഖ്ബാലിനെ സന്നദ്ധപ്രവർത്തകർ ചുമന്നാണ് ആധാർ കാർഡിനു ഫോട്ടോയെടുക്കാനായി ക്യാംപിലെത്തിച്ചത്. പക്ഷേ ആ കാർഡ് ഇതുവരെ ഇഖ്ബാലിനു ലഭിച്ചിട്ടില്ല. ക്ഷേമപെൻഷൻ, റേഷൻ കാർഡ് മസ്റ്ററിങ്ങുകൾക്ക് ആധാർ കാർഡ് നിർബന്ധമായതിനാൽ കഴിഞ്ഞ വർഷം വീണ്ടും അപേക്ഷിച്ചു. എന്നാൽ മുൻപ് തപാലിൽ ആധാർ കാർഡ് അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഇഖ്ബാലിന് മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ മറ്റാരുടെയോ നമ്പറാണ് അന്നു റജിസ്റ്റർ ചെയ്തത്.
അതു ആരുടേതാണ് എന്നറിയാത്തതിനാൽ പഴയ കാർഡ് കണ്ടെത്തുക പ്രയാസമാണ്. മസ്റ്ററിങ് നടത്താത്തതിനാൽ രണ്ടു മാസമായി ക്ഷേമപെൻഷൻ ലഭിക്കുന്നില്ല. 1992 ഫെബ്രുവരി 21നാണ് ഇഖ്ബാലിനു വാഹനാപകടത്തിൽ സാരമായി പരുക്കേറ്റത്. ആലപ്പുഴയിൽ ഇറച്ചിവെട്ടു ജോലിയായിരുന്നു ഇഖ്ബാലിന്. കന്നുകാലികളെ വാങ്ങാൻ പുലർച്ചെ ആലപ്പുഴയിൽനിന്നു ചാലക്കുടിയിലേക്കു പുറപ്പെട്ട മിനിലോറി പെട്രോൾ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്നു. ശേഷം കിടക്കയിൽ കമിഴ്ന്നുകിടന്നുള്ള ജീവിതമാണ്. അപകടത്തോടെ ജീവിതം വഴിമുട്ടി. ദീർഘകാലത്തെ ആശുപത്രിവാസം കടക്കാരനാക്കി. സ്ഥിരമായി കമിഴ്ന്നുകിടന്നു നട്ടെല്ലിനു വളവായി. പലരുടെയും സഹായത്തിലാണ് ചികിത്സയും ജീവിതവും. ഭാര്യ സൗദ സ്കൂളിൽ പാചകത്തൊഴിലാളിയാണ്. ആധാർ കാർഡ് ലഭിക്കാൻ മാത്രമല്ല, ചികിത്സയ്ക്കും ഇഖ്ബാലിനു സുമനസ്സുകളുടെ സഹായം വേണം. ഫോൺ: 9656955387.