കൊല്ലാനും മടിയില്ലാത്ത ആയുധധാരികൾ, ആക്രമണം സൂക്ഷിക്കുക; ഉറപ്പിച്ചു, അവർ കുറുവ സംഘം തന്നെ
Mail This Article
ആലപ്പുഴ∙ മണ്ണഞ്ചേരിയിലും കളർകോട്ടും മോഷണം നടത്തിയതു കുറുവ സംഘത്തിൽപെട്ടവർ തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കുറുവ സംഘം നടത്തുന്ന മോഷണത്തിന്റെ രീതികളുമായി ഈ സംഭവങ്ങൾക്കു സാമ്യമുണ്ടെന്നു ഡിവൈഎസ്പി: എം.ആർ.മധുബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, മോഷണരീതി, മോഷ്ടാക്കളെ കണ്ടവർ നൽകിയ വിവരണം എന്നിവ നോക്കുമ്പോൾ ഇവർ മലയാളികളല്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ വീടുകളാണു മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. കുറച്ച് അംഗങ്ങൾ മാത്രമുള്ള വീടുകളും അടുക്കള വാതിലോ പിൻവാതിലോ അത്ര ഉറപ്പില്ലാത്ത വീടുകളും തിരഞ്ഞെടുക്കും. അതും കുറുവ രീതിയാണ്. കുറുവ സംഘം ഉൾപ്പെട്ട മുൻകാല കേസുകൾ അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ പല ഭാഗത്തും എറണാകുളം ജില്ലയിൽ ചിലയിടങ്ങളിലും ഒരേസമയം മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പല സംഘങ്ങൾ മോഷണത്തിന് ഇറങ്ങിയിട്ടുണ്ടോ എന്ന് ഇതിൽ നിന്നു സംശയിക്കണം.
ആയുധധാരികൾ, കൊല്ലാനും മടിയില്ല
ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർഥത്തിൽ തമിഴ്നാട് ഇന്റലിജൻസ് ആണ് കുറുവ സംഘം എന്ന പേരിട്ടത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗർ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്നു വിളിച്ചു. എന്നാൽ ഇപ്പോഴത്തെ കുറുവ സംഘത്തിൽ ഉള്ളവർ ഒരേ ഗ്രാമക്കാരല്ല. തമിഴ്നാട്ടിൽ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങൾ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്. തമിഴ് തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്ന് പൊലീസ് പറയുന്നു. മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം.
തിരച്ചിൽ വ്യാപകമാക്കി
കലവൂർ ∙ മണ്ണഞ്ചേരിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടത്തിയവരെ കണ്ടെത്താനുള്ള പൊലീസിന്റെ തിരച്ചിൽ വ്യാപകമാക്കി. കഴിഞ്ഞ ദിവസം കളർകോട്ട് കളരിയഭ്യാസിയുടെ അടിയേറ്റ മോഷ്ടാവിന്റെ മൂക്കിലെ അസ്ഥിക്കു പൊട്ടലുണ്ടായിരിക്കാമെന്ന നിഗമനത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ നിർദേശപ്രകാരം റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രാത്രി പട്രോളിങ് സജീവമാക്കി.
പൊലീസിനെ കുണ്ടന്നൂരിൽ എത്തിച്ചത് സിസിടിവി ദൃശ്യങ്ങൾ
ആലപ്പുഴ ∙ സിസിടിവി ദൃശ്യങ്ങളിൽ കണ്ടവരോടു സാമ്യം തോന്നിയാണു കുറുവ സംഘാംഗങ്ങളെന്നു സംശയിക്കപ്പെടുന്നവരെ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂരിൽനിന്നു പിടികൂടിയത്. കുറുവ സംഘത്തിൽപെട്ട ചിലർ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്നുണ്ടെന്നു പൊലീസിനു രഹസ്യ വിവരം കിട്ടിയിരുന്നു. പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്തിട്ടുള്ള ആലപ്പുഴ ഡിവൈഎസ്പി എം.ആർ.മധുബാബു അവിടെ അദ്ദേഹം അന്വേഷിച്ച ചില കേസുകളുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തിയിരുന്നു.
മുൻപു കുറുവ സംഘം നടത്തിയിട്ടുള്ള മോഷണങ്ങളുടെയെല്ലാം രീതി സമാനമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചിലയിടങ്ങളിലും സമാന മോഷണങ്ങൾ നടന്നതോടെ സംഘത്തിന്റെ താവളത്തെപ്പറ്റി ചില സൂചനകൾ ലഭിച്ചു. വിശദമായ അന്വേഷണത്തിലാണു കുണ്ടന്നൂരിൽ ഒരു വർഷത്തോളമായി താമസിക്കുന്ന സംഘത്തെപ്പറ്റി അറിഞ്ഞത്.
രഹസ്യവിവരങ്ങൾ വച്ചു നടത്തിയ നിരീക്ഷണത്തിൽ, മണ്ണഞ്ചേരിയിലെ സിസിടിവി ദൃശ്യങ്ങളിലുള്ള മോഷ്ടാക്കളോടു സാമ്യമുള്ളയാൾ കുണ്ടന്നൂരിലുണ്ടെന്നു കണ്ടെത്തി. ഇന്നലെ വൈകിട്ടു കുണ്ടന്നൂരിലെത്തി കുറച്ചുപേരെ പിടികൂടുകയും ചെയ്തു. സന്തോഷ് ശെൽവൻ, ബന്ധു മഹേന്ദ്രൻ എന്നിവരെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു.
ഇവർ മണ്ണഞ്ചേരിയിലും കളർകോട്ടും മോഷണം നടത്തിയവരാണെന്ന് ഉറപ്പില്ലെന്നും സംശയത്തിന്റെ പേരിലാണു കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇവരെ പിടികൂടിയതോടെ ഇവരോടൊപ്പം താമസിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെടെ കൂട്ടം ചേർന്നു പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണു സന്തോഷ് ശെൽവൻ കൈവിലങ്ങോടെ ഓടിപ്പോയത്. മറ്റു രണ്ടുപേരെ പൊലീസ് കീഴ്പ്പെടുത്തി. സന്തോഷ് അടുത്തുള്ള തോട്ടിൽ ചാടിയെന്നാണു പൊലീസ് നൽകുന്ന വിവരം. രാത്രി സ്കൂബ ടീം എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഡിവൈഎസ്പിയും മറ്റും കുണ്ടന്നൂരിലെത്തിയിരുന്നു.
ആക്രമണം സൂക്ഷിക്കുക
കുറുവ സംഘം ആക്രമണകാരികളാണ്. ഇരുമ്പുകമ്പിയോ മറ്റോ കൊണ്ടുനടക്കും. വാതിലിന്റെ കുറ്റി എടുക്കാനും എതിർപ്പുണ്ടായാൽ ആക്രമിക്കാനുമാണിത്. രണ്ടുപേർ വീതമാണു മിക്കയിടത്തും കവർച്ചയ്ക്കെത്തുന്നത്. സുരക്ഷ കുറഞ്ഞ പിൻവാതിലുകൾ അനായാസം തുറന്ന് അകത്തു കടക്കും. ജനങ്ങൾ ജാഗ്രത പാലിക്കണം. വീടുകളുടെ പിൻവാതിലുകളുടെ സുരക്ഷ ഉറപ്പാക്കണം. മോഷ്ടാക്കളെ പിടികൂടാൻ ഏഴംഗ സംഘത്തിന്റെ പ്രവർത്തനം ഊർജിതമാണ്.
മറ്റു സംസ്ഥാനങ്ങളിലെ കവർച്ചക്കാർ കൂടുതലായി എത്തുന്ന സമയമാണിതെന്നു ഡിവൈഎസ്പി പറഞ്ഞു. ശബരിമല തീർഥാടന കാലത്തു പൊലീസ് ശബരിമലയിൽ കൂടുതൽ കേന്ദ്രീകരിക്കുന്നത് ഇവർ അവസരമാക്കുന്നു. കഴിഞ്ഞ ദിവസം കളർകോട്ട് കളരിയഭ്യാസിയായ യുവാവുമായി ഏറ്റുമുട്ടിയ മോഷ്ടാവിന്റെ രേഖാചിത്രം തയാറാക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.