ADVERTISEMENT

ആലപ്പുഴ ∙ കുറുവ സംഘത്തിന്റെ ഭീതി പിടിവിടാതെ നിൽക്കുമ്പോൾ നഗരത്തിലെ വീട്ടിൽ ഇന്നലെ രാത്രിയുണ്ടായ മോഷണശ്രമവും പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ ആക്രമിച്ചതും ജനങ്ങളെ നടുക്കി. ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ കൈചൂണ്ടിക്ക് വടക്ക് കറുകയിൽ പള്ളിക്ക് സമീപത്തെ വീട്ടിലാണ് രാത്രി എട്ടരയോടെ മോഷണ ശ്രമവും അക്രമവും അരങ്ങേറിയത്. പ്രദേശത്ത് വൻ പൊലീസ് സംഘം പരിശോധന തുടങ്ങി.

മോഷണ സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെ കൈ.
മോഷണ സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെ കൈ.

സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ: വൈകിട്ട് 7 മുതൽ ഒന്നര മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ട്യൂഷൻ കഴിഞ്ഞെത്തിയ മകൾ ടോർച്ചുമായി മുകളിലത്തെ നിലയിൽ കുളിക്കാൻ പോയി. തിരികെ ഗോവണി വഴി ഇറങ്ങി വന്നപ്പോൾ പെട്ടെന്നാണ് ഒന്നിൽ കൂടുതൽ പേരുള്ള സംഘം കഴുത്തിൽ കയറി പിടിച്ചത്. ടോർച്ച് വച്ച് അവരെ തല്ലാൻ ശ്രമിച്ചപ്പോൾ അവർ കയ്യിൽ പിടിച്ചു തിരിക്കുകയും മാന്തുകയും ചെയ്തു. മകളുടെ ഇടത് കയ്യിൽ മുറിവേറ്റു. കുട്ടി തലയടിച്ച് താഴെ വീണു. മകളുടെ കരച്ചിൽ കേട്ട് താഴത്തെ മുറിയിലുണ്ടായിരുന്ന താനും ഇളയ മകനും ഓടിയെത്തിയപ്പോൾ അക്രമികൾ അടുക്കള വാതിൽ തുറന്നു രക്ഷപ്പെട്ടിരുന്നു. കൊണ്ടുപോകാൻ എടുത്ത നിലവിളക്ക് വയ്ക്കുന്ന തളിക പോലുള്ളവ മേശപ്പുറത്ത് ഉപേക്ഷിച്ചാണ് സംഘം കടന്നത്.

വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ഭർത്താവ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഡ്യൂട്ടിയിലായിരുന്നു. ഭർത്താവ് വരുന്നതിനു മുൻപു തന്നെ നാട്ടുകാർ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടൻ തന്നെ പൊലീസും എത്തി. അതേസമയം വീടുകൾ ഏറെയുള്ള പ്രദേശത്ത് രാത്രി വൈകുന്നതിനു മുൻപേ കുറുവ സംഘം വരാനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറഞ്ഞു. എങ്കിലും സംഘത്തെ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണെന്നു നോർത്ത് ഇൻസ്പെക്ടർ എം,കെ.രാജേഷ് പറഞ്ഞു.

English Summary:

A recent robbery attempt and attack on a young student in Alappuzha have left the community on edge. With the notorious Kuruva gang suspected to be involved, police are conducting a thorough investigation to apprehend the culprits and restore peace of mind.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com