ബിഗ് സല്യൂട്ട്, പൊലീസ്; കുറുവ സംഘത്തെ കുടുക്കാൻ പൊലീസ് നടത്തിയത് ചടുലവും സാഹസികവുമായ നീക്കങ്ങൾ
Mail This Article
കലവൂർ ∙ നാട്ടുകാർക്കു ഭീതിയുടെ രാത്രികൾ നൽകിയ കുറുവ സംഘത്തെ കുടുക്കാൻ പൊലീസ് നടത്തിയതു ചടുലവും സാഹസികവുമായ നീക്കങ്ങൾ. ദിവസങ്ങൾക്കകം അതു ലക്ഷ്യം കണ്ടു. കോർത്തുശേരിയിലെ സുഭദ്ര കൊലക്കേസ് തെളിയിച്ച സംഘത്തിലെ പലരും കുറുവ സ്ക്വാഡിലും ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു കീഴിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബു, മണ്ണഞ്ചേരി ഇൻസ്പെക്ടർ പി.ജെ.ടോൾസൺ, എസ്ഐമാരായ കെ.ആർ.ബിജു, എ.സുധീർ, ടി.ഡി.നെവിൻ, ആർ.മോഹൻകുമാർ, സിപിഒമാരായ സിദ്ദീഖുൽ അക്ബർ, വിപിൻദാസ്, ആർ.ശ്യാം, യു.ഉല്ലാസ്, ഷൈജു, ജഗദീശ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
മരട് പൊലീസിന്റെ സഹായത്തോടെയാണ് ആദ്യം പ്രതികളെ തിരഞ്ഞത്. ആ ശ്രമം ഫലം കണ്ടില്ല. പിന്നീട് പ്രത്യേക സംഘത്തിലുള്ളവർ മഫ്തിയിൽ കുണ്ടന്നൂർ പ്രദേശത്തു തങ്ങി നിരീക്ഷണം തുടങ്ങി. ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ മല പോലെ കിടക്കുന്ന സ്ഥലം കാടുപിടിച്ചതുമാണ്. സമീപം വലിയ തോടുമുണ്ട്. കൂടാരത്തിൽ കുഴി കുത്തി ഒളിച്ചിരുന്ന സന്തോഷിനെ ആദ്യം പൊലീസിനു കാണാൻ കഴിഞ്ഞില്ല. പൊലീസ് മടങ്ങിയെന്നു കരുതി പുറത്തിറങ്ങിയ സന്തോഷിനെ ഒളിച്ചിരുന്ന പൊലീസ് സംഘം ഓടിച്ചെന്നു പിടികൂടുകയായിരുന്നു. കൂടാരത്തിൽ നിന്ന് ഇറങ്ങിയോടിയവരെ പൊലീസ് ചതുപ്പിലൂടെ നീന്തിച്ചെന്നാണു പിടികൂടിയത്.സ്ത്രീകൾ പൊലീസിനെ വളഞ്ഞതിനിടെ അടിവസ്ത്രം മാത്രം ധരിച്ചു സന്തോഷ് ഇറങ്ങി ഓടിയതോടെ വിവരം പൊലീസ് സംഘം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു.
തുടർന്ന് ഐജി ഉൾപ്പെടെ വൻ സംഘം സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. ആലപ്പുഴ ഡിവൈഎസ്പി, ഇൻസ്പെക്ടർ പി.ജെ.ടോൾസൺ എന്നിവരും മാരാരിക്കുളം, അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിലെ പൊലീസും എത്തി. പ്രതി വെള്ളത്തിൽ ചാടിയെന്ന് ഉറപ്പായതോടെ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമിന്റെ സഹായം തേടി. തോടിന്റെ വശത്തെ ചാഞ്ഞ മരക്കമ്പുകൾക്കിടയിൽ ശരീരം വെള്ളത്തിലാക്കി ഒളിച്ചുനിന്ന സന്തോഷിനെ രാത്രി പിടികൂടി. ഇന്നലെ രാത്രി കോടതി റിമാൻഡ് ചെയ്ത സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം.പി.പി.ചിത്തരഞ്ജൻ എംഎൽഎ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.
കളർകോട് മോഷണത്തിൽ പങ്കുണ്ടോ എന്നു സംശയം
∙ പിടിയിലായവർക്കു കളർകോട്ട് കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും വ്യക്തമായിട്ടില്ലെന്നു പൊലീസ്. മോഷണം നടന്ന വീട്ടിലെ സ്ത്രീയെ ഇന്നലെ എത്തിച്ചു സന്തോഷ് ശെൽവത്തിനൊപ്പം പിടിയിലായ മണികണ്ഠനെ കാണിച്ചിരുന്നു. എന്നാൽ, ഇത്രയും വണ്ണവും പ്രായവുമുള്ളയാളല്ല എന്നാണു വീട്ടമ്മ പറഞ്ഞത്. അതേസമയം, കൂടുതൽ പേരുള്ള സംഘം ദേശീയപാതയിലെത്തിയ ശേഷം രണ്ടുപേർ വീതം പിരിഞ്ഞതാണോ എന്ന സംശയവും പൊലീസിനുണ്ട്.
ആലപ്പുഴയിലെ താവളങ്ങൾ
∙ ജില്ലയിൽ ചേർത്തല, ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കു സമീപം മോഷണ സംഘം തമ്പടിച്ചിട്ടുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം. ട്രെയിനിലാണ് ഇവരുടെ സഞ്ചാരം. ബസ് യാത്ര ചുരുക്കം. ഇവർ മോഷണ സമയത്തു മൊബൈൽ ഫോൺ കൊണ്ടുപോകാറില്ല. പലവഴി പോകുന്ന സംഘാംഗങ്ങൾ പരസ്പരം ബന്ധപ്പെടാറുമില്ല.