‘അയാളുടെ രൂപം ഇപ്പോഴും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല; ഭയന്നു വിറച്ച നിമിഷങ്ങളായിരുന്നു’: ഞെട്ടൽ മാറാതെ ഇന്ദു
Mail This Article
കലവൂർ ∙ ‘അയാളുടെ രൂപം ഇപ്പോഴും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. ഭയന്നു വിറച്ച നിമിഷങ്ങളായിരുന്നു അത്’– തന്റെ വീട്ടിൽ കയറി സ്വർണമാല പൊട്ടിച്ചെടുത്തു കടന്ന സന്തോഷ് ശെൽവ(25)ത്തെ തിരിച്ചറിഞ്ഞ മണ്ണഞ്ചേരി റോഡുമുക്ക് മാളിയേക്കൽ ഇന്ദു പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഇന്ദുവിനെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണു സന്തോഷിനെ കാണിച്ചത്. ഇന്ദുവിന്റെ മൂന്നരപ്പവൻ സ്വർണമാലയാണു സന്തോഷ് കവർന്നത്. അന്നത്തെ സംഭവത്തിനു ശേഷം രാത്രി സ്വന്തം വീട്ടിൽ കിടക്കാറില്ലെന്നു മണ്ണഞ്ചേരി നേതാജി തെക്ക് മണ്ണേഴത്ത് രേണുക അശോകൻ പറഞ്ഞു.
മകളുടെ വീട്ടിലാണ് രാത്രിയിൽ കിടക്കുന്നത്. മണ്ണഞ്ചേരി മേഖലയിൽ കുറുവ സംഘം ആദ്യമോഷണശ്രമം നടത്തിയതു രേണുകയുടെ വീട്ടിലാണ്. ഭർത്താവിന്റെ മരണശേഷം രേണുക തനിച്ചാണു താമസിച്ചിരുന്നത്. മക്കൾ കുറച്ച് അകലെ പുതിയ വീട്ടിൽ. മോഷണശ്രമം നടക്കുമ്പോൾ രേണുക മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അധികം വൈകാതെ പുറത്തിറങ്ങി.
മോഷ്ടാക്കൾ പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്നു പൊലീസിനു ലഭിച്ചിരുന്നു. അന്നു സമീപത്തെ പല വീടുകളിലും മോഷണശ്രമം നടന്നെങ്കിലും രേണുക മാത്രമേ പൊലീസിൽ പരാതി നൽകിയുള്ളൂ. കഴിഞ്ഞ 13നു പുലർച്ചെയാണു റോഡുമുക്കിനു സമീപത്തും കോമളപുരത്തും മോഷണം നടന്നത്. മാളിയേക്കൽ ഇന്ദുവിന്റെ സ്വർണമാലയും കോമളപുരം സ്പിന്നിങ് മില്ലിനു പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ്.ജയന്തിയുടെ തങ്കത്തിൽപൊതിഞ്ഞ മാലയും കവർന്നു.
ഒരു നോക്കു കാണാൻ
കുറുവ മോഷ്ടാക്കളെ കാണാൻ പൊലീസ് സ്റ്റേഷനു മുന്നിൽ വൻജനക്കൂട്ടമായിരുന്നു. മണ്ണഞ്ചേരി മേഖലയിൽ മോഷണം നടത്തിയ മോഷ്ടാക്കളെ പൊലീസ് പിടികൂടിയതായി അറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നൂറുകണക്കിനാളുകൾ എത്തി. തങ്ങളുടെ ഉറക്കം കെടുത്തിയവരെ നേരിൽ കാണണമെന്ന ആഗ്രഹം പലരും പറഞ്ഞു. പക്ഷേ, അപ്പോഴൊന്നും പൊലീസ് പ്രതിയെ പുറത്തിറക്കിയില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വൈദ്യപരിശോധനയ്ക്കായാണു പുറത്തിറക്കിയത്.
സന്തോഷിനെയും മണികണ്ഠനെയും പൊലീസ് കള്ളക്കേസിലാണു പിടികൂടിയതെന്ന വാദവുമായി അതിനിടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ ഇവരുടെ ഭാര്യമാരും മറ്റും കൈക്കുഞ്ഞുങ്ങളുമായെത്തി ബഹളമുണ്ടാക്കി. മീൻ പിടിച്ചു ജീവിക്കുന്നവരാണെന്നും രാത്രി കൊതുകുകടി കൊണ്ടാണു കഴിയുന്നതെന്നുമൊക്കെയായിരുന്നു ‘പരിദേവനം’. സന്തോഷിന്റെ ഭാര്യ ജ്യോതിയും മണികണ്ഠന്റെ ഭാര്യ ചിത്രയും ബന്ധുക്കളായ സ്ത്രീകളുമാണു കുണ്ടന്നൂരിൽ നിന്നു മണ്ണഞ്ചേരിയിലെത്തിയത്. ഇത്തരം നാടകങ്ങൾ ഇവരുടെ സ്ഥിരം പരിപാടിയാണെന്നു പൊലീസ് പറഞ്ഞു. ഈ സ്ത്രീകളിൽ ചിലർ ബസുകളിൽ മാല പൊട്ടിച്ചതുൾപ്പെടെ കേസുകളിൽ പ്രതികളാണ്.