ഭൂതപ്പണ്ടം കായൽ: സീപ്ലെയ്ൻ പദ്ധതിക്ക് ഏറെ അനുയോജ്യം; ആവശ്യം ശക്തം
Mail This Article
കുട്ടനാട് ∙ പണ്ടാരക്കളം ഭുതപ്പണ്ടം കായൽ കേന്ദ്രീകരിച്ചു സീപ്ലെയ്ൻ പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെടുമുടി, കൈനകരി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണു ഭൂതപ്പണ്ടം കായൽ. എസി റോഡിന്റെ തെക്കു വശത്തുവശത്ത് പൊങ്ങ മുതൽ പണ്ടാരക്കളം വരെയുള്ള ഭാഗത്തും റോഡിന്റെ വടക്കു വശത്ത് പണ്ടാരക്കളം ജംക്‌ഷനു ചേർന്നുമാണു ഭൂതപ്പണ്ടം കായൽ സ്ഥിതി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും റോഡിന്റെ തെക്കുവശത്ത് നെടുമുടി പഞ്ചായത്തിലാണ്.
വർഷങ്ങളായി പുല്ലും പോളയും ജലസസ്യങ്ങളും വളർന്നു കാടു പിടിച്ചു കിടക്കുന്ന നിലയിലാണ്. ഇതുമൂലം ഇഴജന്തുക്കളുടെയും നീർനായയുടെയും വിഹാര കേന്ദ്രമായി പ്രദേശം മാറി. ഭൂതപ്പണ്ടം കായൽ ശുദ്ധജല തടാകമാക്കി മാറ്റുന്നതിനായി പരിശ്രമം ഉണ്ടായെങ്കിലും നടപ്പിലായില്ല.
നെടുമുടി പഞ്ചായത്തിൽ മാത്രം 100 ഏക്കറിൽ അധികം വിസ്തീർണത്തിലാണു ഭൂതപ്പണ്ടം കായൽ സ്ഥിതി ചെയ്യുന്നത്. അതിലേറെയും 1–ാം വാർഡിലാണ്. ബാക്കി 15–ാം വാർഡിലും കൈനകരി പഞ്ചായത്തിന്റെ 10–ാം വാർഡിലുമാണ്.
അടുത്ത കാലത്ത് കൈനകരി പഞ്ചായത്ത് പരിധിയിലെ പോളയും പുല്ലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തെങ്കിലും തുടർ പരിപാലനമില്ലാതായതോടെ വീണ്ടും പോള നിറഞ്ഞ നിലയിലാണ്. മത്സ്യ തൊഴിലാളികൾക്കോ മറ്റുള്ളവർക്കോ കാര്യമായി ബുദ്ധിമുട്ട് ഉണ്ടാകാത്തതിനാൽ സീ പ്ലെയിൻ ഇറങ്ങുന്നതിനും മറ്റും ഭൂതപ്പണ്ടം കായൽ പ്രയോജനപ്പെടുത്താൻ സാധിക്കും. എസി കനാൽ തുറന്നാൽ ഭൂതപ്പണ്ടം കായലിൽ നിന്നു നല്ല ഒരു കവാടം എസി കനാലിലേക്ക് ഉണ്ടാവും.
ആലപ്പുഴയുടെയും കുട്ടനാടിന്റെയും ടൂറിസം സാധ്യതകൾക്കു വലിയ മുന്നേറ്റമായിരിക്കും സീപ്ലെയ്ൻ വരുന്നതിലൂടെ തുറന്നുകിട്ടുക. ഒപ്പം ജല കായിക വിനോദങ്ങൾക്കും സ്ഥലം പ്രയോജനപ്പെടുത്താൻ സാധിക്കും.