പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധിക വരെ; 8 മാസത്തിനിടെ ആലപ്പുഴയിൽ സമാനമായ 6 കൊലപാതകങ്ങൾ
Mail This Article
ആലപ്പുഴ∙ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ജില്ലയിൽ കഴിഞ്ഞ 8 മാസത്തിനിടെ പൊലീസ് കണ്ടെത്തിയ ആറാമത്തെ മൃതദേഹമാണു കൊല്ലം കുലശേഖരപുരം സ്വദേശി വിജയലക്ഷ്മിയുടേത്. സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചിട്ടതും രണ്ടു നവജാത ശിശുക്കളെ കുഴിച്ചുമൂടിയതുമെല്ലാം നാട് നടുക്കത്തോടെയാണു കേട്ടത്.
മാന്നാറിൽ 15 വർഷം മുൻപു ഭർത്താവ് യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയതാണു പുറത്തുവന്ന മറ്റൊരു കേസ്. അടുത്ത വ്യക്തിബന്ധമുള്ള വയോധികയെ കൊച്ചിയിൽ നിന്നു കൂട്ടിക്കൊണ്ടുവന്നു സ്വർണത്തിനായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്.
കേസുകൾ:ഏപ്രിൽ 22:
പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ റോസമ്മയുടെ (61) മൃതദേഹം സഹോദരൻ വി.വി.ബെന്നിയുടെ വീടിനു പിൻവശത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റോസമ്മയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബെന്നി ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. കൊല നടത്തി നാലാം ദിവസമാണു വിവരം പുറത്തറിഞ്ഞത്.
ജൂലൈ 2:
15 വർഷം മുൻപു കാണാതായ സ്ത്രീയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നു കണ്ടെത്തി. ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണു കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ 5 പേരെ പൊലീസ് പിടികൂടി. ചെന്നിത്തല ഇരമത്തൂർ മീനത്തേതിൽ കലയാണു (22) കൊല്ലപ്പെട്ടത്. ഒന്നാം പ്രതിയായ ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ (45) വിദേശത്താണ്. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ സുരേഷ്, ജിനു രാജൻ, പ്രമോദ്, സന്തോഷ്, സോമൻ എന്നിവരെ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 11:
വീട്ടിൽ പ്രസവിച്ച നവജാത ശിശുവിനെ മറവു ചെയ്തെന്ന കേസിൽ യുവതിയും ആൺസുഹൃത്തും ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. രക്തസ്രാവത്തെ തുടർന്നു യുവതി ആശുപത്രിയിലെത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്. തകഴി കുന്നുമ്മയിൽ പാടശേഖരത്തിന്റെ ബണ്ടിൽ നിന്നു കുഞ്ഞിന്റെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
സെപ്റ്റംബർ 2:
നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നു കണ്ടെത്തിയതിനെ തുടർന്നു യുവതിയും ആൺസുഹൃത്തും അറസ്റ്റിലായി. അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ശുചിമുറിക്കു സമീപം കുഴിച്ചിട്ടെന്നാണു കേസ്.
സെപ്റ്റംബർ 10:
എറണാകുളത്തു നിന്ന് ഓഗസ്റ്റ് 4 ന് കാണാതായ വയോധികയുടെ മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊച്ചി കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയുടെ (73) മൃതദേഹമാണു കണ്ടെത്തിയത്. കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ–35), കാട്ടൂർ പാനേഴത്ത് റെയ്നോൾഡ് (61) എന്നിവരാണു കേസിലെ പ്രതികൾ.