നെഹ്റു ട്രോഫി: ഒന്നാം തുഴച്ചിൽ താരത്തിന് ഓട്ടോ സമ്മാനിച്ചു
Mail This Article
കുട്ടനാട് ∙ നെഹ്റു ട്രോഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പള്ളാത്തുരുത്തി ബോട്ട് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന്റെ ഒന്നാം തുഴച്ചിൽ താരത്തിനു പാതിരാപ്പള്ളി മഹീന്ദ്ര എഎഎ മോട്ടോഴ്സ് നൽകിയ ഇലക്ട്രിക് ഓട്ടോ സമ്മാനിച്ചു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി കലക്ടർ സി.പ്രേംജി ഓട്ടോയുടെ താക്കോൽ ഒന്നാം തുഴക്കാരൻ വരുൺ ശർമയ്ക്കു കൈമാറി. ആർടിഒ എ.കെ.ദിലു വാഹനത്തിന്റെ രേഖകൾ കൈമാറി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങൾ ഇത്തവണ നേടിയ ട്രോഫികൾ വച്ച് അലങ്കരിച്ച വാഹനത്തിൽ റാലി ആയാണു ഓട്ടോ ഏറ്റുവാങ്ങാൻ പോയത്.
കലക്ടറേറ്റിൽ നിന്നു പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളി പാരിഷ് ഹാളിലെ ക്ലബ്ബിന്റെ റിഹേഴ്സൽ ക്യാംപിൽ റാലി സമാപിച്ചു. കലക്ടറേറ്റിലും പള്ളാത്തുരുത്തിയിലുമായി നടത്തിയ സമ്മേളനത്തിൽ ചലച്ചിത്രതാരം പ്രമോദ് വെളിയനാട്, ഷോറൂം സിഇഒ വിൻസന്റ് കിളിയൻവേലി, മഹീന്ദ്ര സെയിൽസ് ഏരിയ മാനേജർ ടി.ജി.അജിത്കുമാർ, ക്ലബ് പ്രസിഡന്റ് വി.ജയപ്രസാദ്, സെക്രട്ടറി സുനിൽ കമ്പിവേലി, വൈസ് പ്രസിഡന്റ് വിനോദ് കേരളസദനം, പരിശീലകൻ വിനോദ് പവിത്രൻ, ഫിസിക്കൽ ട്രെയ്നർ ഹിരൺ, വിവേകാനന്ദൻ, അഭിലാഷ് അശോകൻ, അശോകൻ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.