സിബിഎൽ രണ്ടാം മത്സരത്തിന് കൈനകരി ഒരുങ്ങുന്നു
Mail This Article
കുട്ടനാട് ∙ കൈനകരിയിൽ നാളെ നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് ജലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മുണ്ടയ്ക്കൽ പാലത്തിനു സമീപത്തായി ഫിനിഷിങ് പോയന്റിലെ പ്രധാന പവലിയന്റെ നിർമാണം പൂർത്തിയായി. ജങ്കാറിൽ നിർമിക്കുന്ന വേദിയുടെയും ട്രാക്കിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നു പകൽ ട്രാക്ക് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെങ്കിലും ട്രാക്ക് നിർമിക്കുന്ന സ്ഥലത്തുകൂടി ഹൗസ് ബോട്ടുകൾ അടക്കം സർവീസ് നടത്തുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൈനകരി ജലോത്സവത്തിനു മുന്നോടിയായി നടത്തുന്ന സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും ഇന്നു നടക്കും. ഇന്നു 3നു പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 3 സാംസ്കാരിക ഘോഷയാത്രകൾ സമ്മേളനം നടക്കുന്ന മുണ്ടയ്ക്കൽ മൈതാനത്ത് എത്തും.എസ്എൻഡിപി ചാവറ ജെട്ടികൾ, മുക്കം ബോട്ട് ജെട്ടി, ചെറുപറമ്പ് ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ നിന്നാണു സാംസ്കാരിക ഘോഷയാത്ര നടക്കുന്നത്.
തുടർന്നു നടത്തുന്ന സാംസ്കാരിക സമ്മേളനം കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സി.കെ.സദാശിവൻ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി എം.പി.ചന്ദ്രമോഹനൻ മുഖ്യാതിഥിയാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അറിയിച്ചു. 5.30ന് ഇപ്റ്റ നാട്ടരങ്ങ് കലാവേദിയുടെ നാടൻപാട്ട് നടക്കും.നാളെ 2നു നടക്കുന്ന ജലോത്സവത്തിൽ സിബിഎല്ലിൽ പങ്കെടുക്കുന്ന 9 ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കാനാണു സാധ്യത.
കോട്ടയം ജലോത്സവത്തിൽ അച്ചടക്ക നടപടിക്കു വിധേയരായ കുമരകം ടൗൺ ബോട്ട് ക്ലബ്ബും നടുഭാഗം ചുണ്ടനും മത്സരിക്കുന്നതു സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഇതിനിടെ നടുഭാഗം ചുണ്ടൻ വള്ളത്തിന്റെ ട്രയൽ ഇന്നലെ നെടുമുടി ആറ്റിൽ ആരംഭിച്ചിട്ടുണ്ട്. നെടുമുടി മേരി ക്യൂൻസ് പള്ളി ഓഡിറ്റോറിയത്തിലാണു ക്ലബ്ബിന്റെ റിഹേഴ്സൽ ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്.
സിബിഎൽ തീയതി പ്രഖ്യാപിക്കുന്നതിൽ കാലതാമസം എടുത്തതും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ഇത്തവണ ചെറുവള്ളങ്ങളുടെ അടക്കമുള്ള മത്സരങ്ങൾ ഒഴിവാക്കേണ്ടി വന്നു.ട്രാക്ക് നിർമാണത്തിനും മറ്റും അലോസരപ്പെടുത്തുന്ന രീതിയിൽ ഹൗസ് ബോട്ടുകളും മറ്റും സർവീസ് നടത്തുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്നു ട്രാക്ക് നിർമാണം പൂർത്തിയാക്കുവാൻ ഹൗസ് ബോട്ടുകളും മറ്റു ജലയാനങ്ങളും നിയന്ത്രിതമായി സർവീസ് നടത്തി ജലോത്സവ നടത്തിപ്പിനായി സഹകരിക്കണം. കെ.എ.പ്രമോദ് ജലോത്സവ സമിതി കൾചറൽ കമ്മിറ്റി ചെയർമാൻ
സിബിഎൽ വള്ളംകളി മത്സരം അലങ്കോലപ്പെടുത്തിയതിൽ തീരുമാനമെടുക്കാതെ സർക്കാർ
ആലപ്പുഴ∙ കോട്ടയം താഴത്തങ്ങാടിയിലെ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളി അലങ്കോലപ്പെട്ട സംഭവത്തിൽ ബോട്ട് ക്ലബ്ബിനെതിരെ നടപടി ഉണ്ടോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നു. മത്സര ട്രാക്കിൽ ചുണ്ടൻവള്ളം കുറുകെയിട്ട് പ്രതിഷേധിച്ച കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെയും (കെടിബിസി) നടുഭാഗം ചുണ്ടനെയും സിബിഎല്ലിലെ അടുത്ത മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നു മറ്റു ക്ലബ്ബുകളും സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ തീരുമാനം വന്നിട്ടില്ല.
നാളെ കൈനകരിയിൽ രണ്ടാമത്തെ സിബിഎൽ മത്സരം നടക്കാനിരിക്കെ കെടിബിസിയെ മത്സരിക്കാൻ അനുവദിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരാത്തത് മറ്റു ടീമുകളെയും ആശയക്കുഴപ്പത്തിലാക്കുന്നു. തീരുമാനം വൈകുന്നതിനു പിന്നിൽ രാഷ്ട്രീയ ഇടപെടൽ ആണെന്ന് ആരോപണമുണ്ട്. കെടിബിസിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധിക്കുമെന്നു മറ്റു വള്ളങ്ങളും ക്ലബ്ബുകളും പറയുന്നു. അതേ സമയം കെടിബിസി ഇന്നലെ നെടുമുടിയിൽ പരിശീലനം ആരംഭിച്ചു.