സിപിഎം ചേർത്തല ഏരിയ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ വിമർശനം ‘ചില നേതാക്കൾ പാർട്ടിക്ക് പേരുദോഷമുണ്ടാക്കുന്നു; സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു’
Mail This Article
ചേർത്തല∙ സിപിഎം ചേർത്തല ഏരിയ സമ്മേളനത്തിലെ ആദ്യദിന ചർച്ചയിൽ നേതാക്കൾക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനം. ഒരു വിഭാഗം നേതാക്കൾ പാർട്ടിക്ക് പേരുദോഷമുണ്ടാക്കുന്നുവെന്നും സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും വിമർശനമുയർന്നു. പാണാവള്ളിയിൽ അങ്കണവാടി ഭൂമി കയ്യേറ്റവും, പള്ളിപ്പുറത്തെ സാമ്പത്തിക സമാഹരണവും നടത്തിയ സംഭവങ്ങളിലെ ആരോപണ വിധേയരായ നേതാക്കൾക്കെതിരെയാണ് ശക്തമായ വിമർശനമുണ്ടായത്. പള്ളിപ്പുറത്തെ ഒരു നേതാവു പാർട്ടിക്ക് അനുവദിച്ച ജോലി ഒഴിവുകളെല്ലാം സ്വന്തമാക്കിയെന്നും പള്ളിപ്പുറത്തു മുൻ ലോക്കൽ കമ്മിറ്റിയംഗത്തിന്റെ മരണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പ്രസിഡന്റായ സഹകരണ സംഘവും നേതാവാണ് ഉത്തരവാദിയെന്നു വിമർശനമുണ്ടായി.
ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രതിനിധികൾ വിമർശനമുയർത്തിയത്. സാധാരണക്കാരെ മറന്നതിന്റെ മറുപടിയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയമെന്നും തിരുത്തിയില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ ചെല്ലാൻ കഴിയില്ലെന്നും പ്രതിനിധികൾ മുന്നറിയിപ്പു നൽകി. പൊലീസിനെതിരെയും അഭ്യന്തര വകുപ്പിനെതിരെയും വിമർശനമുണ്ടായി. എസ്എൻഡിപിയുടെ ബിജെപി അനുകൂല നീക്കങ്ങളിൽ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നു.
പ്രായപരിധി പിന്നിട്ടയാളെ സിപിഎം ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നു വിമർശനം
ആലപ്പുഴ ∙ പാർട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ട നേതാവിനെ സിപിഎം ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നു പരാതി. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയിലാണു നേതാവിനെ പ്രായം നോക്കാതെ നിലനിർത്തിയത്. 75 വയസ്സു പിന്നിട്ടവരെ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കണമെന്നാണു സിപിഎം തീരുമാനം. എന്നാൽ ഇതു മറികടന്നു 77 വയസ്സുള്ള റിട്ട. അധ്യാപകനെ കമ്മിറ്റിയിൽ നിലനിർത്തിയെന്നാണു പരാതി. പുതിയ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക പാനലിൽ മുതിർന്ന നേതാവിന്റെ പേര് ഉൾപ്പെടുത്തിയതോടെ മറുപക്ഷം അദ്ദേഹത്തിന്റെ സർവീസ് രേഖ ഉൾപ്പെടെ തപ്പിയെടുത്ത് സമ്മേളനത്തിൽ ഹാജരാക്കി. സർവീസ് രേഖയിലെ ജനന തീയതിയനുസരിച്ചു രണ്ടു മാസം കഴിഞ്ഞാൽ നേതാവിന് 78 വയസ്സാകും. എന്നാൽ സർവീസ് രേഖയിൽ പ്രായം തെറ്റായി രേഖപ്പെടുത്തിയതാണെന്നും പ്രായം തെളിയിക്കുന്ന മറ്റു രേഖകൾ ഹാജരാക്കി നേതാവ് തന്നെ ഈ കാര്യം ബോധ്യപ്പെടുത്തിയെന്നുമാണു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.