കുറുവ സംഘത്തെ നേരിടാനൊരുങ്ങി നഗരസഭ; മോഷ്ടാക്കളെ കുടുക്കാൻ 52 ജാഗ്രതാസമിതികൾ
Mail This Article
ആലപ്പുഴ ∙ കുറുവ സംഘത്തിലെ ഒരാളെ പൊലീസ് പിടി കൂടിയെങ്കിലും നഗരവാസികൾ കുറുവ സംഘത്തിന്റെ ഭീഷണിയിലാണെന്നു നഗരസഭ സംഘടിപ്പിച്ച ജാഗ്രതാസമിതി രൂപീകരണ യോഗം വിലയിരുത്തി. കുറുവ സംഘത്തിലെ മോഷ്ടാക്കളെ നേരിടാൻ നഗരത്തിലെ 52 വാർഡുകളിലും ജാഗ്രതാസമിതി രൂപീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്, എക്സൈസ്, റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, യുവജന സംഘടനകൾ, അയൽക്കൂട്ടങ്ങൾ, മതസാമുദായിക സംഘടനകൾ, ക്ലബ്ബുകൾ, വായനശാലകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാകും ജാഗ്രതാസമിതികൾ രൂപീകരിക്കുക.
ജനങ്ങൾക്ക് ജാഗ്രത നൽകാൻ രണ്ടോ, മൂന്നോ വാർഡുകൾ ചേർത്തു ബോധവൽക്കരണവും, രാത്രിയിലും രാവിലെ 11 മുതൽ വൈകിട്ട് 3 വരെയും പൊലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു. കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ ഉടമസ്ഥരുടെ സഹകരണത്തോടെ തെളിക്കും. തെളിയാത്ത തെരുവു വിളക്കുകൾ അടിയന്തരമായി തെളിയിക്കും. വാടകയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ വാർഡുതല ജാഗ്രതാ സമിതികൾ ശേഖരിക്കും. രാത്രി സമയത്തെ യാത്രികർ, തട്ടുകടകൾ എന്നിവ നിരീക്ഷിക്കും. വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തപ്പോൾ കുറുവ മോഷണ സംഘത്തെ പിടികൂടുകയും, തമിഴ്നാട്ടിൽ നരി കുറുവ വിഭാഗത്തിന്റെ ഗ്രാമത്തിൽ പോയി കേസന്വേഷണം നടത്തുകയും ചെയ്തിട്ടുള്ള ഡിവൈഎസ്പി എം.ആർ.മധു ബാബു ജാഗ്രതാ സമിതിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
പ്രധാനപ്പെട്ട നിർദേശങ്ങൾ:
∙ ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള സമയം ആണ് കുറുവ സംഘം മോഷണത്തിനായി തിരഞ്ഞെടുക്കുക. ഇതിനുള്ളിൽ വളരെ കുറച്ചു സ്ഥലത്തെ മോഷണം നടത്തുകയുള്ളൂ. സ്ഥല പരിശോധനയ്ക്കും ആളുകളെ പഠിക്കുന്നതിനും മറ്റുമായി അധികകാലം എടുക്കും.
∙ ആക്രി പെറുക്കാൻ വരുന്നവർ, കാൻസർ തുടങ്ങിയ ചികിത്സാ സഹായം ചോദിച്ചെത്തുന്നവർ, കറിക്കത്തി മൂർച്ച കൂട്ടാൻ വരുന്നവർ, പുറം പോക്കിൽ തമ്പടിക്കുന്ന സംഘം, വാടക വീടുകൾ ചോദിച്ചു വരുന്ന അപരിചിതർ, തട്ടുകടകളും മറ്റും കേന്ദ്രീകരിച്ചു കഴിയുന്ന ചിലർ ഇങ്ങനെയുള്ളവരെ നന്നായി മനസ്സിലാക്കി മാത്രം സഹകരിക്കണം.
∙ ഇവരുടെ തിരിച്ചറിയൽ രേഖ ചോദിക്കണം
∙ റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് സംഘടനകൾ ചേർന്നു പൊലീസിന്റെ സഹകരണത്തോടെ കൂടുതൽ സംഭരണ ശേഷിയുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.
∙ പ്രധാനമായും മുതിർന്ന പൗരന്മാർ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ അലാം പിടിപ്പിക്കാം. സ്വിച്ച് കിടക്കുന്ന സ്ഥലത്ത് ആയിരിക്കണം.
∙ വലിയ അളവിൽ സ്വർണം ധരിക്കുന്നത് ഉപേക്ഷിക്കണം.
∙ പ്രത്യേക ശബ്ദം കേട്ടാൽ ജനൽ മാത്രം തുറക്കുക
∙ പൊലീസിന്റെ 112 ഉൾപ്പെടെ പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ കരുതണം. അയൽവാസികൾ തമ്മിലുള്ള അടുപ്പം വേണം.
ഡിവൈഎസ്പി എം.ആർ.മധു ബാബുവിനെ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ പൊന്നാട ചാർത്തി ആദരിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ എം.ആർ. പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത, ആർ.വിനീത, നസീർ പുന്നയ്ക്കൽ, മുൻ നഗരസഭാധ്യക്ഷ സൗമ്യ രാജ്, കക്ഷി നേതാക്കളായ എസ്.ഹരികൃഷ്ണൻ, കൊച്ചു ത്രേസ്യാമ്മ ജോസഫ്, ബിന്ദു തോമസ്, സലിം മുല്ലാത്ത്, ജി.ശ്രീലേഖ തുടങ്ങിയവർ പ്രസംഗിച്ചു.