വേലിയേറ്റം: കായലോരങ്ങളിൽ നൂറുക്കണക്കിനു വീടുകൾ വെള്ളക്കെട്ടിൽ
Mail This Article
തുറവൂർ∙ കനത്ത വേലിയേറ്റം കാരണം തീരപ്രദേശങ്ങളിലെ കായലോരങ്ങളിൽ നൂറുക്കണക്കിനു വീടുകൾ വെള്ളക്കെട്ടിലാകുന്നു. പൊഴിച്ചാലുകളോട് ചേർന്നു നിൽക്കുന്ന പല വീടുകളും വെള്ളത്തിൽ മുങ്ങി.ചേരുങ്കൽ പൊഴിച്ചിറ കോളനി, പള്ളിത്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വിടുകളിലാണു വേലിയേറ്റ സമയങ്ങളിൽ കായൽ വെള്ളം കയറുന്നത്. പുലർച്ചെ 5 മണിയോടു തുടങ്ങുന്ന വേലിയേറ്റം ഉച്ചയ്ക്കു ശേഷമാണ് കുറയുന്നത്. പൊഴിച്ചാലുകൾക്ക് സമീപമുള്ള വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് കായൽ വെള്ളം ഇരച്ചുകയറാൻ കാരണമാകുന്നത്.
വെള്ളക്കെട്ടുമൂലം വീടുകളിൽ ഭക്ഷണം പാകം ചെയ്യുവാൻ പോലും കഴിയുന്നില്ല. അന്ധകാരനഴി തുറന്ന് അഴിമുഖത്ത് മണൽ നീക്കി വെള്ളം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം ഒരുക്കിയാൽ മാത്രമേ വെള്ളക്കെട്ടു ഒഴിവാകുകയുള്ളു കായൽ വെള്ളം കയറുന്നതു മൂലം വീടുകളും പറമ്പുകളും ചെളി നിറഞ്ഞ നിലയിലാണ്. വീടുകളെ സംരക്ഷിക്കുന്നതരത്തിൽ കരിങ്കൽ ഭിത്തി നിർമിക്കണമെന്നാവശ്യത്തിനു വർഷങ്ങളായിട്ടും നടപടിയില്ലെന്നു കായലോരവാസികൾ പറഞ്ഞു.