മികച്ച വിത്തുൽപാദന കേന്ദ്രമായി വീയപുരം; ഓരോ സീസണിലും ഉൽപാദിപ്പിക്കുന്നത് 100 ടൺ വിത്ത്
Mail This Article
എടത്വ∙ സംസ്ഥാനത്തെ മികച്ച വിത്തുൽപാദന കേന്ദ്രമായ വീയപുരം വിത്തുൽപാദന കേന്ദ്രത്തിൽ നിന്നു ഓരോ സീസണിലും പുറത്തിറക്കുന്നത് അത്യുൽപാദന ശേഷിയുള്ള 100 ടൺ വിത്ത്. ബ്രീഡ് സീഡ് യൂണിവേഴ്സിറ്റികളിൽ നിന്നെത്തിച്ച് സ്വന്തം പാടശേഖരത്ത് വിതച്ച് ന്യൂനതകൾ ഇല്ലാതെയാണു വിത്ത് പുറത്തിറക്കുന്നത്. 25 സ്ഥിരം തൊഴിലാളികളും 7 താൽക്കാലിക തൊഴിലാളികളും സീനിയർ അഗ്രികൾചർ ഓഫിസർ ഉൾപ്പെടെ 5 ഓഫിസ് ജീവനക്കാരും ചേർന്നാണ് വർഷത്തിൽ കൃഷിയിൽ നിന്നു 90 മുതൽ 100 ടൺ വരെ നെൽവിത്ത് ഉൽപാദിപ്പിക്കുന്നത്.
മുൻപു ഇവിടത്തെ വിത്ത് തൃശൂരിലെ കേരള സീഡ് അതോറിറ്റിയുടെ സംഭരണശാലയിലോ ജില്ലയിലെ സംഭരണ കേന്ദ്രത്തിലോ ആണ് സൂക്ഷിച്ചിരുന്നത്. വിളവെടുക്കുന്ന നെല്ല് ഫാമിലെ യാഡിൽ നിരത്തി ഉണക്കി ഈർപ്പരഹിതം ആക്കി സീഡ് പ്രോസസിങ് യന്ത്രത്തിനുള്ളിൽ കൂടി കടത്തി വിട്ട് ഗുണനിലവാരം മനസ്സിലാക്കി സംസ്കരിച്ച് 30 കിലോഗ്രാമിന്റെ ചാക്കുകളിൽ നിറച്ചാണ് സൂക്ഷിക്കുന്നത്. മുൻപ് സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്ന വിത്തുകൾ നിലവിൽ സൂക്ഷിക്കുന്നതു ഫാമിലാണ്.
യൂണിവേഴ്സിറ്റിയിൽ നിന്നു ഫൗണ്ടേഷൻ സീഡ് 1 എന്ന ക്രമത്തിൽ വരുന്ന വിത്തിനെ ഫൗണ്ടേഷൻ സീഡ് 2 എന്ന ഇനത്തിൽ മാറ്റിയാണു കർഷകർക്ക് വിതരണം ചെയ്യുന്നത്. പ്രകൃതിദത്തമായി സംസ്കരിച്ച് തയാറാക്കുന്ന വിത്തിനെ 6 മുതൽ 8 മാസം വരെ സൂക്ഷിച്ചു വയ്ക്കാൻ കഴിയുമെന്നു സീനിയർ അഗ്രികൾചർ ഓഫിസർ ടി.എസ്.വൃന്ദ പറഞ്ഞു.
50 ഏക്കർ വിസ്തീർണമുള്ള ഫാമിന്റെ അച്ചൻകോവിൽ ആറിനോടു ചേർന്നു കിടക്കുന്ന പുറംബണ്ടിന് 2.1 കിലോമീറ്റർ നീളമുണ്ട്. പുറം ബണ്ടിന്റെ കുറച്ചു ഭാഗം കൂടി സംരക്ഷിക്കേണ്ടതുണ്ട്. അതുകൂടി പൂർത്തീകരിച്ചാൽ വർഷത്തിൽ രണ്ടു കൃഷിയിറക്കി വിത്തുൽപാദനം ഇരട്ടിയാക്കാൻ കഴിയും. കൃഷി ചെലവുകൾക്കായി 20 ലക്ഷത്തോളം രൂപ ചെലവാകുമ്പോൾ 40 മുതൽ 45 ലക്ഷം രൂപയുടെ വിത്ത് വിതരണം ചെയ്യാൻ കഴിയുന്നുണ്ടെന്നും ഓഫിസർ പറഞ്ഞു.