കാരിച്ചാലിൽ കിരീടം ചൂടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്
Mail This Article
കൈനകരി∙ വള്ളംകളിയുടെ തറവാടായ കൈനകരിയുടെ നെട്ടായത്തിൽ കുട്ടനാട്ടിലെ ക്ലബ്ബുകൾ പോരടിച്ച ഫൈനലിൽ മറ്റു വള്ളങ്ങളെ മില്ലി സെക്കൻഡുകൾക്കു പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വിജയികളായി. നാലാമത് ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) രണ്ടാമത് മത്സരമായിരുന്നു കൈനകരിയിലേത്. വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതെത്തി.
യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) കൈനകരി തുഴഞ്ഞ തലവടി ചുണ്ടനാണു മൂന്നാം സ്ഥാനത്ത്. കൈനകരിയിൽ പിബിസിയുടെ തുടർച്ചയായ നാലാമത്തെ വിജയമാണിത്. നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും കെബിസി ആൻഡ് എസ്എഫ്ബിസി തുഴഞ്ഞ മേൽപാടം ചുണ്ടനുമാണ് യഥാക്രമം നാലു മുതൽ ആറു വരെ സ്ഥാനങ്ങളിൽ. വള്ളംകളിയിൽ സിബിഎലിന്റെ ഭാഗമായ 9 ചുണ്ടൻവള്ളങ്ങൾ മാത്രമാണു മത്സരിച്ചത്.
ചെറുവള്ളങ്ങളുടെ മത്സരം ഉൾപ്പെടുത്താഞ്ഞതു വള്ളംകളിപ്രേമികളെ നിരാശരാക്കി. നെഹ്റു ട്രോഫി വള്ളംകളിയിലും സിബിഎലിലെ ആദ്യ മത്സരമായ കോട്ടയം താഴത്തങ്ങാടി വള്ളംകളിയിലും തർക്കങ്ങളുണ്ടായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണു കൈനകരിയിൽ വള്ളംകളി നടത്തിയത്. മത്സര ട്രാക്കിന്റെ പരിസരത്തെ വള്ളങ്ങളെ നീക്കിയെന്നുറപ്പാക്കിയ ശേഷമാണ് ഫൈനൽ മത്സരങ്ങൾ നടത്തിയത്. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
വള്ളംകളി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗം സി.കെ.സദാശിവൻ അധ്യക്ഷത വഹിച്ചു. സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗം കെ.കെ.ഷാജു മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. തോമസ് കെ.തോമസ് എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. കലക്ടർ അലക്സ് വർഗീസ്, സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ.കുറുപ്പ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സി.പ്രസാദ്, ടി.ജി.ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീലാ സജീവ്, മധു സി.കൊളങ്ങര, അജിത്കുമാർ പിഷാരത്ത്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ കെ.എ.പ്രമോദ്, നോബിൻ പി.ജോൺ, സബിത മനു, ഫാ. തോമസ് ഇരുമ്പുകുത്തിയിൽ, ജി.ടി.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുവള്ളങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം വ്യാപകം
കൈനകരി ∙ കൈനകരി ജലോത്സവത്തിൽ നിന്നു ചെറുവള്ളങ്ങളെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ വർഷം വരെ കൈനകരി വള്ളംകളിയിൽ 3 വീതം വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരം നടത്തിയിരുന്നു. എന്നാൽ ഇത്തവണ ചെറുവള്ളങ്ങളിൽ ഒരു വിഭാഗത്തെയും മത്സരത്തിൽ ഉൾപ്പെടുത്തിയില്ല.
അതേസമയം സിബിഎൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസമാണു മത്സരത്തിൽ ചെറുവള്ളങ്ങളെ ഉൾപ്പെടുത്താഞ്ഞതിനു കാരണമെന്നു സംഘാടകർ പറഞ്ഞു. മത്സരത്തീയതി ലഭിച്ച ശേഷം പരസ്യവരുമാനം കണ്ടെത്താനായില്ല. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കു ബോണസ് പോലും നൽകാനുള്ള പണമില്ലാഞ്ഞതിനാലാണു ചെറുവള്ളങ്ങളെ ഉൾപ്പെടുത്താഞ്ഞത്.
നെഹ്റു ട്രോഫി മത്സരം കഴിഞ്ഞാൽ കാര്യമായി മത്സരങ്ങൾ ലഭിക്കാത്ത ചെറുവള്ളങ്ങളെ സിബിഎൽ മത്സരത്തിലും ഒഴിവാക്കിയതു ചെറുവള്ളം ഉടമകളെയും ബോട്ട് ക്ലബ്ബുകളെയും പ്രതിസന്ധിയിലാക്കി. ചുണ്ടൻവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾക്കു ശേഷം ഇടവേളയിൽ ചെറുവള്ളങ്ങളുടെ മത്സരം നടത്തിയിരുന്നതു കാണികളുടെ വിരസത ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ചെറുവള്ളങ്ങളിൽ തുഴഞ്ഞു കഴിവു തെളിയിച്ച തുഴച്ചിൽ താരങ്ങളെ സിബിഎലിൽ യോഗ്യതയുള്ള ചുണ്ടൻവള്ളങ്ങളിലെ തുഴച്ചിലുകാരായി പല ക്ലബ്ബുകളും തിരഞ്ഞെടുത്തിട്ടുമുണ്ട്.തുഴച്ചിൽ താരങ്ങളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ചെറുവള്ളങ്ങൾക്കു മത്സരവേദികൾ ലഭിക്കാതെ വരുന്നതു പ്രയാസമുണ്ടാക്കുന്നെന്നു ചെറുവള്ളങ്ങളുടെ സമിതികളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികൾ പറഞ്ഞു.