ADVERTISEMENT

ചാരുംമൂട്∙ സ്കൂൾ വിട്ടുവന്ന വിദ്യാർഥിനിക്കുനേരേ നഗ്നതാ പ്രദർശനം നടത്തുകയും ബലമായി ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മോഷണം, ലഹരി കേസുകളിലെ പ്രതി പിടിയിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറിയിൽ കൊടുവരയ്യത്ത് തെക്കേതിൽ ലക്ഷംവീട് നഗറിൽ പി.പ്രവീണാണു (31) പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോൾ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്. ഇയാൾ ഉപയോഗിച്ചിരുന്നതു മോഷ്ടിച്ച സ്കൂട്ടറാണെന്നും കണ്ടെത്തി.നവംബർ 8ന് വൈകിട്ട് ഇടക്കുന്നത്താണു സംഭവം. പെൺകുട്ടിയെ ബലമായി കൊണ്ടുപോകുന്നതു കണ്ട ഹരിതകർമ സേനാംഗങ്ങളായ രണ്ടു സ്ത്രീകൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. ഹരിതകർമ സേനാംഗങ്ങളായ മഞ്ജുവും ശാരിയും ഓട്ടോയിൽ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. 

സ്കൂട്ടറിന്റെ അവസാനത്തെ രണ്ട് അക്കങ്ങൾ മനസ്സിലാക്കിയ കുട്ടിയും ഹരിതകർമ സേനാംഗങ്ങളും ഈ വിവരം പൊലീസിനു കൈമറിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി എം.ബി.മോഹനചന്ദ്രന്റെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എൻ.കെ.ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചില്ല. ഇതിനിടെ മറ്റൊരു ദിവസം പ്രതി സ്കൂട്ടറിൽ പോകുന്നതു കണ്ട് പെൺകുട്ടിയുടെ പിതാവ് ഇയാളെ പിന്തുടർന്നെങ്കിലും ഇയാൾ കടന്നുകളഞ്ഞു. പെൺകുട്ടിയുടെ പിതാവിനു വാഹനത്തിൽ നിന്നു വീണ് പരുക്കേൽക്കുകയും ചെയ്തു. പിടികൂടാനായില്ലെങ്കിലും പ്രതി സഞ്ചരിച്ച വാഹനത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതു പൊലീസിനു കൈമാറി. 

എന്നാൽ വാഹനത്തിന്റേതു വ്യാജ നമ്പർ പ്ലേറ്റാണെന്നു മനസ്സിലാക്കിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പെട്രോൾ പമ്പിൽ നിന്നും കടയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതി പ്രവീണാണെന്നു തിരിച്ചറിഞ്ഞത്. ഇന്നലെ വെളുപ്പിനു കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കിടന്നുറങ്ങുകയായിരുന്നു ഇയാളെ നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന സ്കൂട്ടർ ചാലക്കുടിയിൽ നിന്നു സെപ്റ്റംബർ 30ന് മോഷണം പോയതാണെന്നു പൊലീസ് കണ്ടെത്തി.

കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ മാവേലിക്കര എന്നിവിടങ്ങളിൽ കഞ്ചാവ് കച്ചവടം, കവർച്ച തുടങ്ങി പതിനഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് സബ് ഇൻസ്പെക്ടർ എസ്.നിധീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ്.ശരത്, ആർ.രജീഷ്, കെ.കലേഷ്, മനു പ്രസന്നൻ, പി.മനുകുമാർ, വി.ജയേഷ്, ബി.ഷെമീർ എന്നിവർ ചേർന്നാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

രക്ഷയായത് മഞ്ജുവിന്റെയും ഷാലിയുടെയും ധൈര്യം 
അതിക്രമത്തിൽനിന്നു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് ഹരിതകർമ സേനാംഗങ്ങളുടെ അസാമാന്യ ധൈര്യം. ബഹളംവച്ച് കുട്ടിയ രക്ഷപ്പെടത്തിയ നൂറനാട് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ മഞ്ജുവും ഷാലിയും സ്കൂട്ടറിൽ കടന്ന പ്രതിയെ പിന്തുടർന്നു പിടികൂടാനും ശ്രമിച്ചു. മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു. 

പറയംകുളം ജംക്‌ഷനിൽ സ്കൂട്ടർ ഒതുക്കിയ പ്രതിയെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും ഇയാൾ തള്ളിയിട്ട് കടന്നുകള‍ഞ്ഞു. താഴെ വീണ മഞ്ജുവിനു ചെറിയ പരുക്കുകളും പറ്റി. ഇവിടെനിന്നു ഷാലി ഓട്ടോയിൽ ഇയാളെ പിന്തുടർന്നെങ്കിലും പടനിലം ജംക്‌ഷനിൽ എത്തിയപ്പോഴേക്കും ബാറ്ററി ചാർജ് തീർന്ന് ഓട്ടോറിക്ഷ നിന്നുപോയി. മൂന്നു ദിവസം മുൻപു ഇതേ പോലുള്ള സ്കൂട്ടർ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നതു കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലിൽ പടമെടുത്തു നൂറനാട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. മഞ്ജുവിനെയും ഷാലിയെയും നൂറനാട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നൂറനാട് പൊലീസും അഭിനന്ദിച്ചു.

English Summary:

In a shocking incident, a schoolgirl in Kayamkulam, Kerala narrowly escaped an attempted abduction. Alert Haritha Karma Sena members intervened, leading to a police investigation and the eventual arrest of the accused, a man with a history of criminal activity. The incident highlights the importance of community vigilance and effective law enforcement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com