കുറുവ സംഘം: ഇതുവരെ കണ്ടെടുത്തത് മുറിച്ച നിലയിലുള്ള മുക്കുപണ്ടങ്ങളും എണ്ണ പുരണ്ട വസ്ത്രവും തോർത്തും
Mail This Article
കലവൂർ ∙ മണ്ണഞ്ചേരിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗത്തെ പിടികൂടിയെങ്കിലും വേണ്ടത്ര തെളിവുകൾ കണ്ടെത്താൻ കഴിയാത്തതു പൊലീസിനെ വലയ്ക്കുന്നു. മുപ്പതോളം കേസുകളിൽ പ്രതിയായ സന്തോഷ് ശെൽവത്തെ പിടികൂടിയതിനു പിന്നാലെ ഇതുവരെ കണ്ടെടുത്തത് മുറിച്ച നിലയിലുള്ള മുക്കുപണ്ടങ്ങളും എണ്ണ പുരണ്ട വസ്ത്രവും തോർത്തും മാത്രമാണ്.
കുറുവ സംഘത്തിലെ ഒരാൾ പിടിയിലായതു ജനങ്ങൾക്കു വലിയ ആശ്വാസമായെങ്കിലും പൊലീസിനു മറ്റു നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത പ്രതിസന്ധിയുണ്ട്. സന്തോഷും മറ്റു ചില മോഷ്ടാക്കളും മുൻപു പിടിയിലായിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി മോഷണം തുടരുകയായിരുന്നു. ഈ കേസിൽ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള വഴികളെല്ലാം പൊലീസ് തേടുന്നുണ്ട്.
കുറുവ സംഘം പലപ്പോഴും മോഷണത്തിന് എത്തുന്നത് ലോറികളിലും ടിക്കറ്റ് എടുക്കാതെ ട്രെയിനുകളിലും മറ്റുമാണ്. കൈയുറ ധരിക്കുന്നതിനാൽ മോഷണസമയത്തെ വിരലടയാളം കിട്ടാറില്ല. അൽപവസ്ത്രധാരികളായി വരുന്ന ഇവർ തല തോർത്തിട്ടു മറയ്ക്കുന്നതിനാൽ സിസിടിവി ക്യാമറകളിലും മുഖം വ്യക്തമാകാറില്ല. സന്തോഷ് ശെൽവമാണു മണ്ണഞ്ചേരിയിലെ മോഷണങ്ങളിലെ പ്രതിയെന്നു സ്ഥാപിക്കാനുള്ള തെളിവ് പ്രതിയുടെ ശരീരത്തിലെ പച്ചകുത്തലാണ്.
കുണ്ടന്നൂരിൽനിന്നു പിടികൂടിയ ഇയാളെ കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഇയാളെ തിരികെ ജയിലിലാക്കുകയും ചെയ്തു. മണ്ണഞ്ചേരി മോഷണങ്ങളിൽ സന്തോഷിന്റെ കൂട്ടുപ്രതിയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.