കല്ലുമല റെയിൽവേ മേൽപാലം: 2 ആഴ്ചയ്ക്കുള്ളിൽ ടെൻഡർ; കെട്ടിടങ്ങളും മതിലുകളും മരങ്ങളും നീക്കി
Mail This Article
മാവേലിക്കര ∙ കല്ലുമല റെയിൽവേ മേൽപാലത്തിന്റെ ടെൻഡർ 2ആഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നു എം.എസ്.അരുൺകുമാർ എംഎൽഎ അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) ആണു ബുദ്ധ ജംക്‌ഷൻ–കറ്റാനം റോഡിൽ കല്ലുമല മേൽപാലം നിർമാണത്തിനു ചുക്കാൻ പിടിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2021ൽ 38.22 കോടി രൂപ അനുവദിച്ചിരുന്നു.
ആർബിഡിസികെ തയാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപാലം നിർമാണത്തിനു 10കോടി രൂപ കൂടുതലായി വേണ്ടി വന്നു. എം.എസ്.അരുൺകുമാർ എംഎൽഎ കിഫ്‌ബി അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നു അധിക തുക ഉൾപ്പെടെ 48.33 കോടി രൂപ അനുവദിച്ചു ഉത്തരവായി. നഗര പ്രദേശമായതിനാൽ അധികം വിപണി വില നൽകിയാണു സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തത്. ഇതിനു മുൻപു കണക്കാക്കിയതിലും കൂടുതൽ തുക ആവശ്യമായി വന്നു. അതിനാലാണു 10 കോടി രൂപ അധികം അനുവദിച്ചത്. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങളും മതിലുകളും മരങ്ങളും ഉൾപ്പെടെ നീക്കം ചെയ്തു.
62.7ആർസ് സ്ഥലമാണു പദ്ധതിക്കായി ഏറ്റെടുത്തത്. മാവേലിക്കര–ചെങ്ങന്നൂർ പാതയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനു വടക്ക് ലവൽക്രോസ് നമ്പർ 28 ലാണു മേൽപാലം വരുന്നത്. ലവൽക്രോസ് ഗേറ്റിന് പടിഞ്ഞാറ് വെള്ളൂർകുളം മുതൽ കിഴക്ക് ബിഷപ് മൂർ കോളജ് ഹോസ്റ്റലിനു സമീപം വരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ഒരുവശത്ത് ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. റെയിൽവേ ട്രാക്ക് മറികടക്കുന്ന സ്ഥലത്തു 8.3 മീറ്ററാണു പാലത്തിന്റെ ഉയരം.