അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താൻ ബജറ്റിൽ തുക: മോഡേണാകാൻ 8 സ്റ്റേഷനുകൾ
Mail This Article
ബെംഗളൂരു∙ നഗരപരിധിയിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താൻ ബജറ്റിൽ റെയിൽവേ പ്രത്യേകം തുക നീക്കി വച്ചതോടെ ഇത്തരം സ്റ്റേഷനുകൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിൽ നഗരയാത്രികർ. ആത്‌മഭാരത് പദ്ധതി പ്രകാരം ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലെ 52 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. ഇതിൽ ബെംഗളൂരു ജില്ലയിലെ കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുര, കെങ്കേരി, കെആർപുരം, വൈറ്റ്ഫീൽഡ്, മല്ലേശ്വരം, ചന്നസന്ദ്ര സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്.
നമ്മ മെട്രോ രണ്ടാംഘട്ടം നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക് വന്നതോടെ മൾട്ടിമോഡൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളും നവീകരിക്കുന്നത്. കെങ്കേരി, മല്ലേശ്വരം, വൈറ്റ്ഫീൽഡ്, ചന്നസന്ദ്ര സ്റ്റേഷനുകളാണ് വികസനത്തിന്റെ ചൂളംവിളി കാത്ത് കിടക്കുന്നത്.
വൈറ്റ്ഫീൽഡ്
ബെംഗളൂരു–ചെന്നൈ പാതയുടെ ഭാഗമായ വൈറ്റ്ഫീൽഡ് സ്റ്റേഷനോട് ചേർന്നാണ് കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോ പാതയും കടന്നുപോകുന്നത്. ഈ പാതയിൽ മെട്രോ വാണിജ്യ സർവീസ് അടുത്ത മാസം ആരംഭിക്കുന്നതോടെ വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യവും കൂടുകയാണ്. മെട്രോ സ്റ്റേഷനിൽ നിന്ന് 500 മീറ്ററിൽ താഴെ സ്ഥിതി ചെയ്യുന്ന സ്റ്റേഷനെ ബന്ധിപ്പിച്ചുകൊണ്ട് കാൽനട മേൽപാലം നിർമിക്കണമെന്നാണ് പ്രധാന ആവശ്യം.
നിലവിൽ റെയിൽവേ സ്റ്റേഷനെയും കാടുഗോഡി ബിഎംടിസി ബസ് ടെർമിനലിനെയും ബന്ധിപ്പിച്ചുകൊണ്ട് കാൽനട മേൽപാലം 2 വർഷം മുൻപ് സ്ഥാപിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള 30–35 ദീർഘദൂര ട്രെയിനുകൾക്കാണ് വൈറ്റ്ഫീൽഡിൽ സ്റ്റോപ്പുള്ളത്. കൂടാതെ മെമു, ഡെമു, പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്. കേരളത്തിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾക്ക് വൈറ്റ്ഫീൽഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
കെങ്കേരി
ബെംഗളൂരു–മൈസൂരു പാതയിലെ കെങ്കേരി സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രക്കാരെ അകറ്റുന്നു. എക്സ്പ്രസ്, പാസഞ്ചർ വിഭാഗങ്ങളിലായി 30 ട്രെയിനുകൾക്ക് കെങ്കേരിയിൽ സ്റ്റോപ്പുണ്ട്. കെങ്കേരി മെട്രോ, ബിഎംടിസി ബസ് ടെർമിനലുകളിൽ നിന്ന് 2 കിലോമീറ്റർ പരിധിയിലാണ് റെയിൽവേ സ്റ്റേഷൻ ഉള്ളതെങ്കിലും റോഡ്, ഫീഡർ ബസ് സർവീസുകൾ കൂടി ആരംഭിച്ചാൽ കൂടുതൽ പേർക്ക് ഇവിടെ എത്താൻ സാധിക്കും.
ചന്നസന്ദ്ര
ചെന്നൈ–ബെംഗളൂരു പാതയുടെ ഭാഗമായി ചന്നസന്ദ്ര സ്റ്റേഷനിൽ പാസഞ്ചർ, മെമു, ഡെമു ട്രെയിനുകൾക്കാണ് നിലവിൽ സ്റ്റോപ്പ്. നഗരത്തിന്റെ കിഴക്കൻ മേഖലയായ രാമമൂർത്തിനഗർ, ദൂരവാണിനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്ന് ആശ്രയിക്കാൻ കഴിയുന്ന സ്റ്റേഷനാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടൽ, കാൽനട മേൽപാലം, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണം.
മല്ലേശ്വരം
കെഎസ്ആർ ബെംഗളൂരു–യശ്വന്ത്പുര പാതയിലെ മല്ലേശ്വരം സ്റ്റേഷനിൽ പാസഞ്ചർ, മെമു, ഡെമു ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ്. റോഡ്, യാത്രാ സൗകര്യം ഉണ്ടെങ്കിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം.
വരുമാനത്തിൽ മുന്നിൽ കെഎസ്ആറും യശ്വന്ത്പുരയും
ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷന്റെ കീഴിൽ എ വൺ സ്റ്റേഷൻ പദവിയുള്ളത് കെഎസ്ആർ ബെംഗളൂരുവിനും യശ്വന്ത്പുരയ്ക്കും. 60 കോടി രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകൾക്കാണ് എ വൺ പദവി. എ കാറ്റഗറിയിൽ വരുന്ന 15 സ്റ്റേഷനുകളാണ് ഉള്ളത്. 8 കോടിക്കും 60 കോടിക്കും ഇടയിൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകൾക്കാണ് എ വൺ ഗ്രേഡ് ലഭിക്കുന്നത്.
ബെംഗളൂരു നഗരജില്ല പരിധിയിൽ 40 റെയിൽവേ സ്റ്റേഷനുകൾ ഉണ്ടെങ്കിലും ഇവയിൽ 15ൽ താഴെ സ്റ്റേഷനുകളിൽ മാത്രമാണ് പ്രതിദിനം 1 ലക്ഷം രൂപയ്ക്ക് മുകളിൽ ടിക്കറ്റ് വരുമാനം ലഭിക്കുന്നത്. റോഡ്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ തന്നെ സാധാരണക്കാർ കൂടുതൽ സ്റ്റേഷനുകളിലേക്ക് എത്തും. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച സ്റ്റേഷൻ കെട്ടിടങ്ങൾ പലതും അപകടാവസ്ഥയിലാണ്.
രാജ്കുമാർ ദുംഗാർ (സിറ്റിസൺ ഫോർ സിറ്റിസൺ)