രാമേശ്വരം കഫേ സ്ഫോടനം: പ്രതി ബെള്ളാരിയിലേക്ക് ബസിൽ; മിന്നൽ പരിശോധനയുമായി എൻഐഎ
Mail This Article
ബെംഗളൂരു ∙ ബ്രൂക്ഫീൽഡ് രാമേശ്വരം കഫേ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്താനായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ, തുമക്കൂരു, ബെള്ളാരി, ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തി. കഴിഞ്ഞ ഒന്നിന് നടന്ന സ്ഫോടനത്തിനു ശേഷം, ബെംഗളൂരുവിൽ നിന്ന് തുമക്കൂരു വഴി ഇയാൾ ബെള്ളാരിയിലേക്ക് ബസ് യാത്ര നടത്തിയതിനു തെളിവു ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ആന്ധ്രപ്രദേശിലെ മന്ത്രാലയത്തിലേക്കും തുടർന്ന് ഉത്തരകന്നഡയിലെ ഭട്കലിലേക്കും കടന്നതായാണു സൂചന. പ്രതി ഉടൻ രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എൻഐഎയുടെ സംഘങ്ങൾ മിന്നൽ പരിശോധന നടത്തിയത്.
സ്ഫോടനത്തിനു ശേഷം വസ്ത്രം മാറിയ പ്രതി, ബിഎംടിസി വോൾവോ ബസിൽ കയറി ബെംഗളൂരു സുജാത സർക്കിളിൽ ഇറങ്ങി. അവിടെ നിന്നാണ് തുമക്കൂരുവിലേക്ക് ബസ് കയറിയത്. ബസിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിയാതിരിക്കാനായി മുൻനിര സീറ്റിൽ ഇരുന്നു. തുമക്കൂരു സ്റ്റാൻഡിൽ ബസ് നിർത്തുന്നതിനു മുൻപ് ധൃതിയിൽ പ്രതി ഇറങ്ങിയതിന്റെ ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. കേസ് എൻഐഎയും ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചും (സിസിബി) സംയുക്തമായാണ് അന്വേഷിക്കുന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു.