ADVERTISEMENT

ബെംഗളൂരു∙ മറുനാട്ടിലാണെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശം ചോരാതെ സൂക്ഷിക്കുന്നവരാണ് ബെംഗളൂരു മലയാളികൾ. വോട്ട് ചെയ്യാൻ അവസാന നിമിഷം നാട്ടിലെത്താനുള്ള മലയാളികളുടെ തിരക്കായിരുന്നു ഇന്നലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും. കേരളത്തിലും കർണാടകയിലെ 14 മണ്ഡലങ്ങളിലും ഒരേ ദിവസം വോട്ടെടുപ്പ് വന്നതോടെ ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിച്ചത് യാത്രയ്ക്ക് അനുകൂലമായി മാറി.   പഠനത്തിനും ജോലിക്കുമായി എത്തിയ വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇപ്പോഴും നാട്ടിൽ തന്നെയാണ്.  

ട്രെയിനും ബസും നിറഞ്ഞു
നാട്ടിലേക്ക് മടങ്ങുന്നവർക്കായി ദക്ഷിണ പശ്ചിമ റെയിൽവേ ബയ്യപ്പനഹള്ളിയിൽ നിന്ന് ഏർപ്പെടുത്തിയ കൊച്ചുവേളി, മംഗളൂരു (പാലക്കാട് വഴി) സ്പെഷൽ ട്രെയിനുകൾ നിറഞ്ഞാണ് നാട്ടിലേക്ക് പോയത്. പതിവ് ട്രെയിനുകളായ എറണാകുളം സൂപ്പർഫാസ്റ്റ്, കന്യാകുമാരി എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ്, കണ്ണൂർ എക്സ്പ്രസുകളിലും നൂറുകണക്കിന് പേർ മടങ്ങി. കേരള ആർടിസി പതിവ് സർവീസുകൾക്ക് പുറമേ 18ഉം കർണാടക ആർടിസി 21ഉം അധിക സർവീസുകൾ നടത്തി. സ്വകാര്യ ബസുകൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയെങ്കിലും തിരക്കിന് കുറവുണ്ടായിരുന്നില്ല. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് തിരിച്ചും കേരള, കർണാടക ആർടിസികൾ സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തി. വോട്ട് ചെയ്യാൻ കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവും കാർ മാർഗം നാട് പിടിച്ചവരും കുറവല്ല.

പ്രവർത്തകരെ നാട്ടിലെത്തിക്കാൻ മുന്നണികളും 
യുഡിഎഫ് അനുകൂല കൂട്ടായ്മകളുടെ നേതൃത്വത്തിൽ വടകര, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വോട്ടർമാരുമായി പ്രത്യേക ബസുകൾ രാത്രി പുറപ്പെട്ടു. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണു യാത്രാസൗകര്യം ഏർപ്പെടുത്തിയത്. കെങ്കേരി, ടൗൺഹാൾ, സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നാണു ബസുകൾ പുറപ്പെട്ടത്. എൽഡിഎഫിന്റെ നേതൃത്വത്തിൽ ഐടി കൂട്ടായ്മകൾക്കിടയിലും മറ്റും വിപുലമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ വിവിധ കൂട്ടായ്മകൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com