ദീർഘദൂര ട്രെയിൻ: പരിശോധന കടുപ്പിക്കും; ഇടിച്ചുകയറ്റം തടയാൻ ഉദ്യോഗസ്ഥപ്പട
Mail This Article
ബെംഗളൂരു∙ കേരളത്തിലേക്ക് അടക്കമുള്ള ദീർഘദൂര ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിലെ തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരുടെ സംഘത്തെ ദക്ഷിണ പശ്ചിമ റെയിൽവേ നിയോഗിച്ചു. ജനറൽ ടിക്കറ്റ് എടുത്തവർ റിസർവ്ഡ് കോച്ചുകൾ കയ്യേറുന്നെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണു നടപടി.
റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ടിടിഇമാരുമായി സഹകരിച്ചാണു തിരക്ക് നിയന്ത്രിക്കുകയെന്നു ഡിവിഷനൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ അറിയിച്ചു. ബെംഗളൂരുവിലെ മജസ്റ്റിക്, ബയ്യപ്പനഹള്ളി, യശ്വന്തപുര, യെലഹങ്ക സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുക. ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇമാർക്കെതിരെ ആക്രമണമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണ് നടപടി.
ജനറൽ കോച്ചുകൾ കൂട്ടണം
ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ ശരാശരി 200 പേർക്കാണ് യാത്ര ചെയ്യാനാകുക. എന്നാൽ, ഇതിലേറെ ടിക്കറ്റുകൾ നൽകുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടിയാൽ ഇതിന് പരിഹാരം കാണാനാകും. ഒപ്പം, ജനറൽ ടിക്കറ്റുകളുടെ എണ്ണത്തിനു പരിധി നിശ്ചയിക്കുകയും വേണം.
സ്പെഷൽ ട്രെയിനുകളില്ലാത്തത് തിരിച്ചടി
വാരാന്ത്യങ്ങളിലും ആഘോഷവേളകളിലും റിസർവേഷൻ കോച്ചുകളിലെ കയ്യേറ്റം സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ 19ന് കർണാടക സിഇടി പരീക്ഷയുടെ അവസാന ദിവസം തിരുവനന്തപുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസിലെ റിസർവേഷൻ കോച്ചുകളിൽ ടിക്കറ്റില്ലാതെ ഒട്ടേറെ പേർ സീറ്റ് കയ്യടക്കി. റിസർവ് ചെയ്തവർ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറായില്ല.
മജസ്റ്റിക്കിൽ നിന്നു യാത്ര പുറപ്പെട്ട ട്രെയിനിൽ കയറാൻ കന്റോൺമെന്റ്, കെആർപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ നിന്നു ടിക്കറ്റെടുത്തവർ വല്ലാതെ ബുദ്ധിമുട്ടി. സീറ്റു നഷ്ടമാകുമെന്ന ഭയത്തിൽ പലർക്കും നാടെത്തുന്നതു വരെ ശുചിമുറിയിൽ പോലും പോകാൻ കഴിഞ്ഞില്ല. വൻ തിരക്കുണ്ടാകുമെന്ന് ഉറപ്പായിട്ടും സ്പെഷൽ ട്രെയിൻ അനുവദിക്കാൻ റെയിൽവേ തയാറാകാത്തതും ഇത്തരം സന്ദർഭങ്ങളിൽ തിരിച്ചടിയാകുന്നു.