ADVERTISEMENT

ബെംഗളൂരു∙ ഓണത്തിനു നാട്ടിലേക്കു പോകുന്നവർക്കായി ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ആഴ്ചയിൽ 3 ദിവസം സ്പെഷൽ ട്രെയിനായി ഓടിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയതോടെയാണ് വന്ദേഭാരത് ഓണത്തിന് മുൻപേ തന്നെ സർവീസ് തുടങ്ങാൻ വഴിതെളിയുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.30ന‌ു ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30നു എറണാകുളം ജംക്‌ഷനിലും ഉച്ചകഴിഞ്ഞ് രണ്ടിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലും എത്തുന്ന തരത്തിലാണ് താൽക്കാലിക സമയപ്പട്ടിക തയാറാക്കിയിരിക്കുന്നത്. 590 കിലോമീറ്റർ ദൂരം 9 മണിക്കൂർ കൊണ്ട് പിന്നിടും. ‌ഹൊസൂർ, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണു സ്റ്റോപ് പരിഗണിക്കുന്നത്. 

ആശ്വാസമായി പകൽ ട്രെയിൻ 
എറണാകുളം ഇന്റർസിറ്റിക്കു പുറമേ ബെംഗളൂരുവിൽ നിന്ന് ഒരു ട്രെയിൻ കൂടി പകൽ സർവീസായി ലഭിക്കുന്നതു യാത്രാക്ലേശത്തിനു കുറച്ചെങ്കിലും ആശ്വാസമേകും. വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അടിയന്തര ആവശ്യങ്ങൾക്ക് പോകേണ്ടവർക്ക് ഉപകാരപ്രദമാകും. നിലവിൽ കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി പ്രതിദിന എക്സ്പ്രസ് (12677) രാവിലെ 6.10നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.55നാണ് എറണാകുളം ജംക്‌ഷനിലെത്തുന്നത്. എറണാകുളം–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി (12678) രാവിലെ 9.10നു എറണാകുളം ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 7.50നാണ് ബെംഗളൂരുവിലെത്തുന്നത്. ബെംഗളൂരു കന്റോൺമെന്റ്, കർമലാരാം, ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്. എസി ചെയർകാറിൽ 785 രൂപയും സെക്കൻഡ് സിറ്റിങ്ങിൽ 215 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

ഇന്റർസിറ്റിയും എൽഎച്ച്ബി കോച്ചിലേക്ക് മാറും
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളിലേക്ക് മാറുന്നു. 14 എൽഎച്ച്ബി കോച്ചുകളുമായുള്ള സർവീസ് ഓഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിച്ചേക്കും. എൽഎച്ച്ബി കോച്ചുകൾ വരുമ്പോൾ സീറ്റുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. നിലവിൽ ബെംഗളൂരുവിലേക്കുള്ള കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–കൊച്ചുവേളി എക്സ്പ്രസ്, യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ്, യശ്വന്തപുര–കൊച്ചുവേളി ഗരീബ് രഥ്, യശ്വന്തപുര–കൊച്ചുവേളി എസി എക്സ്പ്രസ് ട്രെയിനുകൾ നേരത്തെ തന്നെ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറിയിരുന്നു. ‌

English Summary:

Vandebharat Express to Commence Special Bengaluru-Eranakulam Service Before Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com