ADVERTISEMENT

ബെംഗളൂരു ∙ കഠിനപ്രയത്നവും ദൃഢനിശ്ചയവും സിവിൽ സർവീസ് പരീക്ഷാ വിജയത്തിലേക്കു നയിക്കുമെന്ന അനുഭവപാഠങ്ങൾക്ക് വേദിയായി മലയാള മനോരമയും ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച മാർഗനിർദേശ ശിൽപശാല. പരിശീലനവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ സംഘടിപ്പിച്ച ശിൽപശാലയിൽ നൂറിലേറെ വിദ്യാർഥികളാണു പങ്കെടുത്തത്.

തിരിച്ചടികളിൽ തളരാതെ കഠിനപ്രയത്നം തുടർന്നാൽ വിജയം സുനിശ്ചിതമാണെന്ന് കസ്റ്റംസ് കമ്മിഷണർ ഡോ.കെ.ബാലമുരുകൻ ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. സ്കൂൾതലത്തിലെ ജയപരാജയങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്നും ശരാശരി വിദ്യാർഥികൾക്കു പോലും വിജയം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധ്യമായി ഒന്നുമില്ലെന്നും ഭയം ഒഴിവാക്കി പഠനവുമായി സധൈര്യം മുന്നേറണമെന്നും കർണാടക ഡെപ്യൂട്ടി ചീഫ് തിരഞ്ഞെടുപ്പു ഓഫിസർ എം.കൂർമറാവു പറഞ്ഞു.  

വിജയിക്കാൻ സ്വയം പാകപ്പെടുത്താം
വിജയം കൈവരിക്കാൻ സഹായിച്ച പരിശീലന മാർഗങ്ങളും അനുഭവങ്ങളും പങ്കുവച്ച വിദഗ്ധർ വിദ്യാർഥികളുടെ സംശയങ്ങൾക്കു മറുപടി നൽകി. സർക്കാർ സ്കൂളിലെ മലയാളം മീഡിയത്തിൽ പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയതിന് പിന്നിലെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് കർണാടക ഇ–ഗവേണൻസ് മിഷൻ സിഇഒ ഡോ.ദിലീഷ് ശശി പങ്കുവച്ചത്. വിജയത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ കണ്ടെത്തി ഒന്നിലേറെ തവണ വായിച്ചത് ഏറെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു.

പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകളും അഭിമുഖവും നേരിടാൻ ചിട്ടയായ പരിശീലനവും സ്വയം പാകപ്പെടുത്തലും ആവശ്യമാണെന്ന് മുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസറായ ഡോ.കെ.വൈഷ്ണവി നിർദേശിച്ചു. നിരന്തര പരിശീലനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ബെംഗളൂരു ദൂരദർശൻ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഷാഹിദ് ടി.കോമത്ത് പറഞ്ഞു. ആദ്യതവണ പരാജയപ്പെട്ടെന്ന് കരുതി പിന്മാറരുതെന്നും ശ്രമം തുടരണമെന്നും അക്കാദമിയിലെ മുഖ്യ പരിശീലകനുമായ ശോഭൻ ജോർജ് ഏബ്രഹാം പറഞ്ഞു. ഐച്ഛിക വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ജോലിക്കൊപ്പം എങ്ങനെ പഠനം കൊണ്ടുപോകാം തുടങ്ങിയ കാര്യങ്ങളും ശിൽപശാലയിൽ ചർച്ചയായി.

അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷനൽ കമ്മിഷണറുമായ പി.ഗോപകുമാർ, പുതുച്ചേരി ജിഎസ്ടി ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണർ ആർ.ദേവനാഥൻ, അക്കാദമിയിലെ ഈ വർഷത്തെ സിവിൽ സർവീസ് ജേതാവായ അശ്വന്ത് രാജ്, കമേഴ്സ്യൽ ടാക്സസ് റിട്ട.അഡീഷനൽ കമ്മിഷണർ വൈ.സത്യനാരായണ, വിശാഖപട്ടണം ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റീഷൻസ് ഡയറക്ടർ ജി.രമേശ്, അക്കാദമി പരിശീലകരായ ഡോ.മോഹൻ റാവു, സത്യ വന്ദേമാതരം, നിഖിൻ ശ്രീകുമാർ, ഡോ.അബ്ദുൽ ഖാദർ എന്നിവർ‌ ക്ലാസുകളെടുത്തു.

മലയാള മനോരമ സെയിൽസ് വിഭാഗം ജനറൽ മാനേജർ സുന്ദരം പരമശിവം, കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, കൈരളി നികേതൻ എജ്യുക്കേഷനൽ ട്രസ്റ്റ് പ്രസിഡന്റ്‌ സി.ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, പി.വി.എൻ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com